അനന്തു കൃഷ്ണൻ മുഖ്യപ്രതിയായ പകുതിവില തട്ടിപ്പ് കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ഇത് സംബന്ധിച്ച് ഡിജിപി ഷേക്ക് ദർവേശ് സാഹിബ് ഉത്തരവിറക്കി. എഡിജിപിയുടെ നേതൃത്വത്തിലായിരിക്കും ക്രൈം ബ്രാഞ്ച് കേസ് അന്വേഷിക്കുക. എല്ലാ ജില്ലകളിലും പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചായിരിക്കും കേസിന്റെ അന്വേഷണം നടക്കുക.
നേരത്തെ ഡിജിപിയും ക്രമസമാധാന ചുമതലയുള്ള എഡിജിപി അടക്കമുള്ളവർ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുന്നത് സംബന്ധിച്ച് ചർച്ച ചെയ്തിരുന്നുവെങ്കിലും ഇപ്പൊഴാണ് തീരുമാനമുണ്ടായത്. കേസെടുക്കുന്നതിൽ പൊലീസിന് മെല്ലെപ്പോക്കാണെന്ന ആക്ഷേപവും ഉയർന്നിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നത്. നിലവിൽ 34 കേസുകളാണ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്. എഡിജിപിയുടെ നേതൃത്വത്തിൽ ക്രൈം ബ്രാഞ്ച് കേസ് അന്വേഷിക്കും.
അതേസമയം അനന്തു കൃഷ്ണനെതിരെ നിലവിൽ പരാതി ഉയരുകയാണ്. കേസുമായി ബന്ധപ്പെട്ട് ഉന്നതർക്ക് ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. തിരഞ്ഞെടുപ്പ് ഫണ്ടിനായി 45 ലക്ഷം രൂപ വാങ്ങിയ യുഡിഎഫ് എംപി 15 ലക്ഷം രൂപ മാത്രം തിരഞ്ഞെടുപ്പ് ഫണ്ടിനായി നൽകിയെന്നും അനന്തു കൃഷ്ണൻ മൊഴി നൽകിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ യുഡിഎഫ് എംഎൽഎ 7 ലക്ഷം രൂപ കയ്യിൽ വാങ്ങി. തങ്കമണി സർവീസ് സഹകരണ ബാങ്ക് വഴി സിപിഎം നേതാവിന് 25 ലക്ഷം രൂപ നൽകി. മൂവാറ്റുപുഴയിലെ യൂത്ത് കോൺഗ്രസ് നേതാവ് 5 ലക്ഷം രൂപ വായ്പ വാങ്ങി. മലയോര ജില്ലയിലെ യുഡിഎഫ് എംപിക്ക് തിരഞ്ഞെടുപ്പ് ഫണ്ടിനായി 9 ലക്ഷം രൂപ നൽകിയെന്നും അനന്തു കൃഷ്ണൻ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.