ഈജിപ്ത് മുന്നോട്ടുവെച്ച പുതിയ വെടിനിർത്തൽ നിർദേശം അംഗീകരിക്കുമെന്ന് ഹമാസ്; അംഗീകരിക്കില്ലെന്ന് ഇസ്രായേലിലെ തീവ്ര വലതുപക്ഷ മന്ത്രിമാർ

ഈജിപ്ത് മുന്നോട്ടുവെച്ച പുതിയ വെടിനിർത്തൽ നിർദേശം അംഗീകരിക്കുമെന്ന് ഹമാസ്. ബന്ദികളെ വിട്ടയക്കാൻ ഹമാസ് തയാറായാൽ ഗസ്സക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണം അവസാനിക്കുമെന്ന അമേരിക്കൻ നിലപാടാണ് ഹമാസ് സ്വാഗതം ചെയ്‌ത്‌. അതേസമയം വെടിനിർത്തൽ ചർച്ചാനീക്കം അംഗീകരിക്കില്ലെന്ന് ഇസ്രായേലിലെ തീവ്ര വലതുപക്ഷ മന്ത്രിമാരായ സ്മോട്രികും ബെൻ ഗവിറും അറിയിച്ചു.

ഈജിപ്ത് മുന്നോട്ടുവെച്ച പുതിയ വെടിനിർത്തൽ നിർദേശം അംഗീകരിക്കുമെന്നും ഹമാസ് വ്യക്തമാക്കി. ഒന്നര മാസത്തെ വെടിനിർത്തൽ വേളയിൽ മുഴുവൻ ബന്ദികളെയും വിട്ടയക്കുക, ആനുപാതികമായി ഫലസ്‌തീൻ തടവുകാരെ കൈമാറുക, ഗസ്സയിലേക്ക് സഹായം ഉറപ്പാക്കുക, ഗസ്സക്കു നേരെയുള്ള ആക്രമണം അവസാനിപ്പിക്കുക എന്നിവയാണ് ഈജിപ്ത് സമർപ്പിച്ച നിർദേശത്തിലെ പ്രധാന ഉപാധികൾ.

അതേസമയം ആയുധങ്ങൾ അടിയറ വെക്കണമെന്ന ഈജിപ്‌ത്‌ നിർദേശം നേരത്തെ ഹമാസ് തള്ളിയിരുന്നു.
ബന്ദികളെ മോചിപ്പിച്ചാൽ ആക്രമണം നിർത്തുമെന്ന യു എസ് നിലപാട് സ്വാഗതാർഹമാണെന്നും ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യ പറഞ്ഞു. ബന്ദിമോചനത്തോടെ ആക്രമണം അവസാനിപ്പിക്കമെന്നതിന് താൻ ഉറപ്പ് നൽകുമെന്ന് കഴിഞ്ഞ ദിവസം ബന്ദികളുടെ പ്രശ്‌നം കൈകാര്യം ചെയ്യുന്ന യു.എസ് പ്രതിനിധി ആദം ബൊഹ്ലർ അറിയിച്ചിരുന്നു.

അതേസമയം വെടിനിർത്തൽ ചർച്ചാനീക്കം അംഗീകരിക്കില്ലെന്ന് ഇസ്രായേലിലെ തീവ്ര വലതുപക്ഷ മന്ത്രിമാരായ സ്മോട്രികും ബെൻ ഗവിറും പറഞ്ഞു. ഗസ്സയിൽ പൂർണ അധിനിവേശം നടത്തുകയും ട്രംപിൻ്റെ പദ്ധതി നടപ്പാക്കുകയുമാണ് വേണ്ടതെന്ന് ഇരുവരും പ്രതികരിച്ചു. എത്രയും പെട്ടെന്ന് ഗസ്സ യുദ്ധം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ഒരു ലക്ഷത്തി ഇരുപതിനായിരം പേർ ഒപ്പുവെച്ച കൂറ്റൻ നിവേദനം നെതന്യാഹുവിന് കൈമാറി. പതിനായിരം റിസർവ് സൈനികരും നിവേദനത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.

Read more