ഹമാസിന്റെ ലക്ഷ്യം ക്രിസ്ത്യാനികളും യഹൂദരും; ഹോളി സേവ്യര്‍ പള്ളിവരെ മോസ്‌കാക്കി; അടുപ്പുകല്ല് ചര്‍ച്ചക്കാര്‍ ഇക്കാര്യം പറയില്ല; പക്ഷേ, കേരളം അറിയണമെന്ന് ദീപിക

ഹമാസിനെതിരെയും തുര്‍ക്കിയുടെ തീവ്ര ഇസ്ലാമിക സംസ്‌കാരത്തിനെതിരെയും അതിന് കൂട്ടുനില്‍ക്കുന്ന മാധ്യമങ്ങള്‍ക്കെതിരെയും രൂക്ഷവിമര്‍ശനവുമായി കത്തോലിക്ക ദിനപത്രമായ ദീപിക. ലോകത്ത് അവശേഷിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ബൈസന്റൈന്‍ ദേവാലയമായ തുര്‍ക്കിയിലെ ഹോളി സേവ്യര്‍ (ദിവ്യരക്ഷകന്‍) പള്ളിയും മോസ്‌കാക്കി മാറ്റിയ സംഭവത്തിലാണ് രൂക്ഷവിമര്‍ശനവുമായി ദീപിക മുഖപ്രസംഗം എഴുതിയിരിക്കുന്നത്. മാസങ്ങള്‍ക്കുമുന്പ്, അയല്‍പ്രദേശമായ നഗോര്‍ണോ-കരാബാക്കിലെ 1.25 ലക്ഷത്തോളം അര്‍മേനിയന്‍ ക്രിസ്ത്യാനികളെ നിരാലംബരാക്കി ആട്ടിപ്പായിക്കാന്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ച തുര്‍ക്കി പ്രസിഡന്റ് രജബ് തയ്യിബ് എര്‍ദോഗന് ഇതൊക്കെ മതപരമായ പുണ്യപ്രവൃത്തി മാത്രമെന്നും ദീപിക പറയുന്നു.

പക്ഷേ, എര്‍ദോഗന് ആരാധകരുള്ള കേരളത്തില്‍ മിക്കവരും അത് അറിഞ്ഞിട്ടില്ല. അറിഞ്ഞവര്‍ ഇസ്ലാമോഫോബിയയ്‌ക്കെതിരേയുള്ള പോരാട്ടത്തിലും അടുപ്പുകല്ല് ചര്‍ച്ചയിലുമായതിനാല്‍ അസര്‍ബൈജാനും നഗോര്‍ണോ-കരാബാക്കും ഇറാക്കും അഫ്ഗാനിസ്ഥാനും മൊസാംബിക്കും ബുര്‍ക്കിന ഫാസോയും നൈജീരിയയുമൊക്കെ പോലെ ഖോറ പള്ളിയും ഒഴിവാക്കി. പക്ഷേ, ഇതും മലയാളികള്‍ അറിയണമല്ലോ. ഇരട്ടത്താപ്പുകള്‍ക്കൊക്കെ ഒരു പരിധിയില്ലേയെന്ന് ദീപിക ചോദിക്കുന്നു.

ഇക്കാര്യങ്ങളെക്കുറിച്ച് എത്ര മലയാളം പത്രങ്ങളില്‍ വാര്‍ത്ത വന്നു, എത്ര ചാനലുകള്‍ ചര്‍ച്ച ചെയ്തു എവിടെപ്പോയി വര്‍ഗീയവിരുദ്ധ യുട്യൂബ് ചാനലുകള്‍ ഹമാസിന്റെ ലക്ഷ്യം ക്രിസ്ത്യാനികളും യഹൂദരും ഇല്ലാത്ത ലോകമാണെന്ന് അവര്‍തന്നെ പറഞ്ഞിട്ടും നമ്മുടെ ബുദ്ധിജീവികള്‍ക്കും മാധ്യമങ്ങള്‍ക്കും അവര്‍ തീവ്രവാദികളല്ല.

ഇസ്ലാമിക് സ്റ്റേറ്റ്, ബോക്കോ ഹറാം, താലിബാന്‍, അല്‍-ക്വയ്ദ, അല്‍ നുസ്രാ ഫ്രണ്ട്, അല്‍ ഷബാബ് തുടങ്ങിയ ഭീകരപ്രസ്ഥാനങ്ങളുടെ ആശയങ്ങള്‍ നെഞ്ചേറ്റി നടക്കുന്ന നിരവധിപ്പേര്‍ കേരളത്തിലുമുണ്ട്. അറിഞ്ഞോ അറിയാതെയോ കെണിയില്‍ വീണോ അവരുടെ വിസ്മയങ്ങള്‍ ഏറ്റുപിടിക്കുന്നവര്‍ ലോകത്ത് ഇസ്ലാമോഫോബിയ ഇല്ലെന്നു തര്‍ക്കിച്ച് പട്ടിയെ ആടാക്കുകയാണെന്നും ദീപിക മുഖപ്രസംഗത്തില്‍ പറയുന്നു.

മുഖപ്രസംഗത്തിന്റെ പൂര്‍ണരൂപം:

ലോകത്ത് അവശേഷിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ബൈസന്റൈന്‍ ദേവാലയമായ തുര്‍ക്കിയിലെ ഹോളി സേവ്യര്‍ (ദിവ്യരക്ഷകന്‍) പള്ളിയും മോസ്‌കാക്കി മാറ്റിയിരിക്കുന്നു. ഹാഗിയ സോഫിയ ഉള്‍പ്പെടെ നിരവധി ക്രിസ്ത്യന്‍ പള്ളികള്‍ മോസ്‌കാക്കി മാറ്റിയ തുര്‍ക്കിയുടെ തീവ്ര ഇസ്ലാമിക സംസ്‌കാരമാണ് ഖോറ പള്ളിക്കുമേലും കൈവച്ചത്.

മാസങ്ങള്‍ക്കുമുന്പ്, അയല്‍പ്രദേശമായ നഗോര്‍ണോ-കരാബാക്കിലെ 1.25 ലക്ഷത്തോളം അര്‍മേനിയന്‍ ക്രിസ്ത്യാനികളെ നിരാലംബരാക്കി ആട്ടിപ്പായിക്കാന്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ച തുര്‍ക്കി പ്രസിഡന്റ് രജബ് തയ്യിബ് എര്‍ദോഗന് ഇതൊക്കെ മതപരമായ പുണ്യപ്രവൃത്തി മാത്രം.

പക്ഷേ, ജനാധിപത്യത്തെയും മതേതരത്വത്തെയും സ്വാതന്ത്ര്യത്തെയും മാനിക്കുന്ന പരിഷ്‌കൃതലോകത്തിന് അങ്ങനെയല്ലല്ലോ. യൂറോപ്പും അമേരിക്കയും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഈ പ്രാകൃത നടപടിയെ അപലപിച്ചു.

പക്ഷേ, എര്‍ദോഗന് ആരാധകരുള്ള കേരളത്തില്‍ മിക്കവരും അത് അറിഞ്ഞിട്ടില്ല. അറിഞ്ഞവര്‍ ഇസ്ലാമോഫോബിയയ്‌ക്കെതിരേയുള്ള പോരാട്ടത്തിലും അടുപ്പുകല്ല് ചര്‍ച്ചയിലുമായതിനാല്‍ അസര്‍ബൈജാനും നഗോര്‍ണോ-കരാബാക്കും ഇറാക്കും അഫ്ഗാനിസ്ഥാനും മൊസാംബിക്കും ബുര്‍ക്കിന ഫാസോയും നൈജീരിയയുമൊക്കെ പോലെ ഖോറ പള്ളിയും ഒഴിവാക്കി. പക്ഷേ, ഇതും മലയാളികള്‍ അറിയണമല്ലോ. ഇരട്ടത്താപ്പുകള്‍ക്കൊക്കെ ഒരു പരിധിയില്ലേ

തുര്‍ക്കിയിലെ ഏറ്റവും വലിയ നഗരമായ ഇസ്താംബൂളിന്റെ പ്രാന്തപ്രദേശമായ എദര്‍ണേകാപ്പിയിലാണ് ഖോറ പള്ളി എന്നറിപ്പെട്ടിരുന്ന ഹോളി സേവ്യര്‍ പള്ളി. 2020 ജൂലൈയില്‍ എര്‍ദോഗന്‍ മോസ്‌കാക്കി മാറ്റിയ, ലോകത്തെ ഏറ്റവും വലിയ കത്തീഡ്രലായിരുന്ന ഹാഗിയ സോഫിയയില്‍നിന്ന് 5.5 കിലോമീറ്റര്‍ മാത്രം അകലെയാണിത്.

ഖോറ എന്നാല്‍ വയല്‍ ആണ്. നാലാം നൂറ്റാണ്ടില്‍ നിര്‍മിച്ച പള്ളി, വയലിനടുത്തുള്ള ഒരു ആശ്രമസമുച്ചയത്തിന്റെ ഭാഗമായിരുന്നു. ബൈസന്റൈന്‍ വാസ്തുവിദ്യയില്‍ നിര്‍മിതമായതും ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയതുമായ പള്ളിയുടെ മേല്‍ത്തട്ടിലും ചുവരുകളിലും വിശ്വപ്രസിദ്ധമായ മൊസൈക് ചിത്രങ്ങളുണ്ട്.

ആദിമനുഷ്യരായ ആദവും ഹവ്വയും ഉള്‍പ്പെടെ ക്രിസ്തുവിന്റെ പൂര്‍വപരന്പരകളുടെ ചിത്രങ്ങള്‍ ക്രൈസ്തവ സംസ്‌കാരത്തിന്റെ വിലപ്പെട്ട അവശേഷിപ്പുകളായിരുന്നു. ബൈസന്റൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്ക 1948 മുതല്‍ 10 വര്‍ഷമെടുത്ത് കലാസൃഷ്ടികളെ പുനരുദ്ധരിച്ചിരുന്നു. പരിഷ്‌കൃതലോകക്രമത്തെയും മതസഹിഷ്ണുതയെയും ചവിട്ടിമെതിച്ചു പള്ളിയെ നിര്‍ലജ്ജം മോസ്‌കാക്കിയവര്‍ ആ കലാസൃഷ്ടികളെ നിലനിര്‍ത്തുമോ നശിപ്പിക്കുമോ എന്നു വ്യക്തമല്ല.

പതിനൊന്ന്, പതിന്നാല് നൂറ്റാണ്ടുകളില്‍ പുതുക്കിപ്പണിത പള്ളി 1510ല്‍ ഓട്ടോമന്‍ ഭരണാധികാരിയായിരുന്ന ബയാസിത് രണ്ടാമനാണ് കരിയ കാമി എന്ന പേരില്‍ ആദ്യം മോസ്‌കാക്കി മാറ്റിയത്. മതേതരവാദിയെന്ന് അവകാശപ്പെട്ടിരുന്ന കമാല്‍ അത്താത്തുര്‍ക്ക് 1945ല്‍ ഇതു മ്യൂസിയമാക്കിയിരുന്നു. 2019 നവംബറിലാണ് മുസ്ലിം മതഭ്രാന്തന്മാരെ തൃപ്തിപ്പെടുത്താന്‍ തുര്‍ക്കി കൗണ്‍സില്‍ ഓഫ് സ്റ്റേറ്റിന്റെ സഹായത്തോടെ എര്‍ദോഗന്‍ അതു വീണ്ടും മോസ്‌കാക്കാന്‍ തീരുമാനിച്ചത്.

2020 ഒക്ടോബര്‍ 30 വെള്ളിയാഴ്ച അവിടെ മുസ്ലിംകള്‍ പ്രാര്‍ഥന തുടങ്ങി. ഇക്കഴിഞ്ഞ മേയ് ആറിന് ഒദ്യോഗികമായി മോസ്‌ക് തുറന്നുകൊടുത്തു. ഇതാണു ചരിത്രം. അതായത്, മനുഷ്യവംശം പിന്നിലുപേക്ഷിച്ച ഇരുണ്ട കാലത്തേക്കു തിരിച്ചുനടക്കുന്നവരുടെ പ്രവൃത്തികള്‍. മലയാളികള്‍ ഇതൊന്നും അറിയേണ്ടെന്നാണോ

ചേര്‍ത്തുവായിക്കാനും പഠിക്കാനും ചരിത്രവും ചില വര്‍ത്തമാനങ്ങളും വേറെയുമുണ്ട്. തെക്കുപടിഞ്ഞാറ് ഏഷ്യന്‍ പ്രദേശങ്ങളും ചില വടക്കുകിഴക്കന്‍ ആഫ്രിക്കന്‍ പ്രദേശങ്ങളും ഉള്‍ക്കൊള്ളുന്ന മിഡില്‍ ഈസ്റ്റില്‍നിന്നുള്‍പ്പെടെ യുദ്ധവും ആഭ്യന്തരകലാപവും പട്ടിണിയും മൂലം കുടിയേറിയ മുസ്ലിംകള്‍, അഭയം കൊടുത്തവര്‍ക്കെതിരേ നടത്തുന്ന തീവ്രവാദി ആക്രമണങ്ങളും കൊലപാതകങ്ങളും യൂറോപ്പിന്റെ സമാധാനം കെടുത്തുകയാണ്.

ക്രിസ്തുമതത്തിന്റെ പിള്ളത്തൊട്ടിലായിരുന്ന മിഡില്‍ ഈസ്റ്റില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് അഞ്ചു ശതമാനം ക്രൈസ്തവരാണ്. ക്രൈസ്തവ ഭൂരിപക്ഷമുള്ളത് സൈപ്രസില്‍ മാത്രമാണ്. കൊന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയും രണ്ടാം തരം പൗരന്മാരാക്കിയും മനുഷ്യാവകാശങ്ങള്‍ നിഷേധിച്ചും എത്ര ക്രൈസ്തവരെ ഇല്ലാതാക്കി.

1915-20 കാലത്ത് അര്‍മേനിയയില്‍ ഓട്ടോമന്‍ തീവ്രവാദികള്‍ കൊന്നൊടുക്കിയ 15 ലക്ഷം ക്രൈസ്തവരുടെ അനന്തര തലമുറയില്‍പ്പെട്ടവരെയാണ് നഗോര്‍ണോ-കരാബാക്കില്‍നിന്ന് അസര്‍ബൈജാന്‍ അടുത്തയിടെ തല്ലിയോടിച്ചത്.

തലമുറകളായി സന്പാദിച്ചതൊക്കെയും പിന്നിലുപേക്ഷിച്ചാണ് അവര്‍ അര്‍മേനിയയിലേക്കു പോയത്. തൊട്ടുപിന്നാലെ അവരുടെ പള്ളികളും സ്ഥാപനങ്ങളും ഇടിച്ചുനിരത്തി. എത്ര മലയാളം പത്രങ്ങളില്‍ വാര്‍ത്ത വന്നു എത്ര ചാനലുകള്‍ ചര്‍ച്ച ചെയ്തു എവിടെപ്പോയി വര്‍ഗീയവിരുദ്ധ യുട്യൂബ് ചാനലുകള്‍ ഹമാസിന്റെ ലക്ഷ്യം ക്രിസ്ത്യാനികളും യഹൂദരും ഇല്ലാത്ത ലോകമാണെന്ന് അവര്‍തന്നെ പറഞ്ഞിട്ടും നമ്മുടെ ബുദ്ധിജീവികള്‍ക്കും മാധ്യമങ്ങള്‍ക്കും അവര്‍ തീവ്രവാദികളല്ല.

ഇസ്ലാമിക് സ്റ്റേറ്റ്, ബോക്കോ ഹറാം, താലിബാന്‍, അല്‍-ക്വയ്ദ, അല്‍ നുസ്രാ ഫ്രണ്ട്, അല്‍ ഷബാബ് തുടങ്ങിയ ഭീകരപ്രസ്ഥാനങ്ങളുടെ ആശയങ്ങള്‍ നെഞ്ചേറ്റി നടക്കുന്ന നിരവധിപ്പേര്‍ കേരളത്തിലുമുണ്ട്. അറിഞ്ഞോ അറിയാതെയോ കെണിയില്‍ വീണോ അവരുടെ വിസ്മയങ്ങള്‍ ഏറ്റുപിടിക്കുന്നവര്‍ ലോകത്ത് ഇസ്ലാമോഫോബിയ ഇല്ലെന്നു തര്‍ക്കിച്ച് പട്ടിയെ ആടാക്കുകയാണ്.

തീവ്രവാദത്തിന്റെയും മതവിദ്വേഷത്തിന്റെയും പ്രചാരകരായ സക്കീര്‍ നായിക്കിനെപ്പോലെയുള്ളവരെ പല രാജ്യങ്ങളും നിരോധിച്ചുതുടങ്ങി. അള്‍ജീരിയ, മൊറോക്കോ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള വിദ്വേഷപ്രചാരകരായ ഇമാമുമാര്‍ക്ക് ഇപ്പോഴത്തെ കുടിയേറ്റ നിയമമനുസരിച്ച് തുടരാനാകില്ലെന്നു ഫ്രാന്‍സ് വ്യക്തമാക്കിയതു കഴിഞ്ഞ ദിവസമാണ്.

300 പേര്‍ക്കു രാജ്യം വിടേണ്ടിവരുമെന്നാണ് സൂചന. തകര്‍ക്കപ്പെടുന്ന ചില ആരാധനാലയങ്ങള്‍ക്കുവേണ്ടി മാത്രം തലതല്ലിക്കരയുന്ന, ചില വംശഹത്യകളെ മാത്രം വാര്‍ത്തയാക്കുന്ന, ലോകത്ത് ഏറ്റവുമധികം മതതീവ്രവാദം കൈയാളുന്നവരെ ചോദ്യം ചെയ്യാത്ത, ഏറ്റവുമധികം മതപീഡനമേല്‍ക്കുന്ന ക്രിസ്ത്യാനികളെ ഇരകളായി കാണാത്ത ഈ കാപട്യമാണ് ലോകസമാധാനത്തിനും മതേതരത്വത്തിനും ഇന്നുള്ള ഭീഷണി.

ഹിന്ദുവോ ക്രിസ്ത്യാനിയോ മുസ്ലിമോ മലയാളിയോ തമിഴനോ ആരുമാകട്ടെ, യുദ്ധങ്ങളെയും കലാപങ്ങളെയും ആക്രമണങ്ങളെയും കൊലപാതകങ്ങളെയും മതത്തിന്റെ കണ്ണാടിയിലൂടെ നോക്കിക്കാണുകയും മനുഷ്യാവകാശങ്ങളെ ചിലര്‍ക്കു മാത്രമായി തീറെഴുതിക്കൊടുക്കുകയും ചെയ്യുന്നവരോടാണ് പറയാനുള്ളത്; ഇരകളെ മതം നോക്കി പിന്തുണയ്ക്കുന്ന നിങ്ങളുടെ സംശയകരമായ പ്രസംഗങ്ങളും ചര്‍ച്ചകളും പ്രവൃത്തികളും ലോകത്ത് ഒരു മാറ്റവും ഉണ്ടാക്കില്ല.

വര്‍ഗീയതയെയോ തീവ്രവാദത്തെയോ നിങ്ങള്‍ക്കു തൊടാനാവില്ല. മനുഷ്യവംശത്തിന്റെ പൊതുനന്മയ്ക്ക് ഒരു സംഭാവനയും ചെയ്യാനാകാത്ത നിങ്ങളുടെ ആത്മരതിസമാനമായ അവകാശവാദങ്ങളിലെ ഇരട്ടത്താപ്പുകള്‍ ഒരുനാള്‍ ലോകം തിരിച്ചറിയും. വര്‍ഗീയതയ്ക്കു തീവ്രവാദ വളമിട്ട ഈ പിഴവിന് നാട് ഇനിയും വില കൊടുക്കേണ്ടിവരും.

ഇസ്താംബൂളിലെ ഖോറ പള്ളിയുടെ വിശുദ്ധ അള്‍ത്താരയില്‍നിന്ന് ഉയരുന്ന വാങ്കുവിളി ക്രൈസ്തവരുടെ നൊന്പരം മാത്രമല്ല, ലോകസമാധാനത്തിനു നേര്‍ക്കുള്ള വെല്ലുവിളിയുമാണ്. തീവ്രവാദ വൈറസിന്റെ പ്രകടനങ്ങള്‍! നമുക്കതിനെ കൈകോര്‍ത്തുനിന്നു പ്രതിരോധിക്കേണ്ടതുണ്ട്.

ഇത്രകൂടി പറയട്ടെ, ലോകത്ത് മറ്റെവിടെയെങ്കിലും നടക്കുന്ന തീവ്രവാദങ്ങള്‍ക്ക് ബന്ധപ്പെട്ട മതത്തില്‍ പെട്ടവര്‍ ഒരിക്കലും ഉത്തരവാദിയാകില്ല; അതിനെ ന്യായീകരിക്കുകയോ ഏറ്റെടുക്കുകയോ ചെയ്യാതിരിക്കുവോളം.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു