പീഡനപരാതി; സംവിധായകൻ രഞ്ജിത്തിനെതിരെ ബെംഗളൂരുവിൽ കേസെടുത്തു

മുൻ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ കേസെടുത്ത് ബെംഗളൂരു പൊലീസ്. പീഡനപരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് ബെംഗളൂരുവിലേക്ക് മാറ്റിയത്. കോഴിക്കോട് സ്വദേശിയാണ് പരാതിക്കാരൻ. 2012 ൽ ബെംഗളൂരു താജ് ഹോട്ടലിൽ വെച്ച് തന്നെ പീഡിപ്പിച്ചു എന്നായിരുന്നു പരാതി. ഹേമ കമ്മിറ്റി മുൻപാകെയും യുവാവ് പരാതി നൽകിയിരുന്നു.

2012ൽ ബംഗളൂരുവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് രഞ്ജിത്ത് തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് സംസ്ഥാന പോലീസ് മേധാവിക്ക് അയച്ച പരാതിയിൽ ഇയാൾ ആരോപിച്ചത്. തനിക്കുണ്ടായ ദുരനുഭവവും പരാതിക്കാരൻ പങ്കുവെച്ചിരുന്നു. കോഴിക്കോട്ട് മമ്മൂട്ടി നായകനായ ‘ബാവുട്ടിയുടെ നാമത്തിൽ’ എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെ രഞ്ജിത്ത് തന്നെ കണ്ടെന്നും ടിഷ്യൂ പേപ്പറിൽ എഴുതിയ മൊബൈൽ നമ്പർ തന്നെന്നുമാണ് യുവാവ് പറഞ്ഞത്.

ബംഗളൂരുവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ചാണ് രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയതെന്നും പരാതിക്കാരൻ പറഞ്ഞിരുന്നു. ഞാൻ എങ്ങനെയുണ്ടെന്ന് കാണണമെന്ന് പറഞ്ഞ് രഞ്ജിത്ത് എന്നോട് നഗ്നനാകാൻ പറഞ്ഞു, എൻ്റെ കണ്ണുകൾക്ക് ഭംഗിയുണ്ടെന്ന് പറഞ്ഞു, എൻ്റെ കണ്ണിൽ കണ്മഷി എഴുതാൻ ആവശ്യപ്പെട്ടു എന്നും പരാതിക്കാരൻ പറഞ്ഞിരുന്നു.

അതേസമയം യുവാവിന് പുറമെ ബംഗാളി നടി ശ്രീലേഖ മിത്രയും രഞ്ജിത്തിനെതിരെ വെളിപെരുത്തലുമായി രംഗത്തെത്തിയിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്നാണ് നടി പറഞ്ഞത്. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു, പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും മിത്ര വെളിപ്പെടുത്തിയിരുന്നു.