പീഡന പരാതി; പി.സി ജോര്‍ജ്ജിന് നോട്ടീസയച്ച് ഹൈക്കോടതി

മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജ്ജിന് നോട്ടീസയച്ച് ഹൈക്കോടതി. പീഡന കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് ചോദ്യം ചെയ്ത് പരാതിക്കാരി ന്ല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ് അയച്ചത്. തന്റെ ഭാഗം കേള്‍ക്കാതെയാണ് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ജാമ്യം നല്‍കിയത് എന്നാണ് പരാതിക്കാരിയുടെ വാദം.

തനിക്ക് പറയാനുള്ളത് കേള്‍ക്കാതെയാണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ജാമ്യം നല്‍കിയതെന്നാണ് പരാതിക്കാരിയുടെ ഹര്‍ജിയില്‍ പറയുന്നത്. പ്രധാനപ്പെട്ട വകുപ്പുകള്‍ പൊലീസ് ചുമത്തിയില്ലെന്നും ഹര്‍ജിയിലുണ്ട്. ചികിത്സയില്‍ ആയിരുന്നതിനാലാണ് പി സി ജോര്‍ജ്ജിന് എതിരെ പരാതി നല്‍കാന്‍ വൈകിയതെന്നും രണ്ടാഴ്ച മുന്‍പ് തന്നെ പരാതി മൊഴിയായി കൊടുത്തിരുന്നുവെന്നും പരാതിക്കാരി പറയുന്നു. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.

അതേസമയം പീഡനക്കേസില്‍ മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജ്ജ് പരാതിക്കാരിയുടെ പേര് വെളുപ്പെടുത്തിയെന്ന പരാതിയെ തുടര്‍ന്ന് നിയമോപദേശം തേടി പൊലീസ്. പരാതിയില്‍ കോടതിയുടെ അനുമതിയോടെ കേസെടുത്താല്‍ മതിയെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

Read more

പീഡന പരാതിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് പരാതിക്കാരിയുടെ പേര് പറഞ്ഞത് ശരിയാണോയെന്ന് ചോദിച്ച വനിതാ റിപ്പോര്‍ട്ടറോട് അപമര്യാദയായി പെരുമാറിയതിന് പി സി ജോര്‍ജ്ജിന് എതിരെ കേസെടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിന് റിപ്പോര്‍ട്ടറുടെ പരാതി പ്രകാരം മ്യൂസിയം പൊലീസാണ് കേസെടുത്തത്.