കണ്ണൂര്‍ തലശ്ശേരി പുന്നോലില്‍ സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസനെ കൊലപ്പെടുത്തിയതിന് പിന്നില്‍ നടന്നത് വലിയ ഗൂഢാലോചനയെന്ന് കുറ്റസമ്മത മൊഴി. ഹരിദാസനെ മുമ്പും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നു. ഒരാഴ്ച മുമ്പ് വിധിക്കാനായിരുന്നു സംഘത്തിന്റെ പദ്ധതി. നിജില്‍ ദാസിന്റെ നേതൃത്വത്തിലായിരുന്നു പദ്ധതിയെന്ന് അറസ്റ്റിലായ വിമിന്‍ ദാസ് വെളിപ്പെടുത്തി. കേസില്‍ ഇന്നലെയാണ് നിജില്‍ ദാസ് പിടിയിലായത്.
സംഭവത്തില്‍ പ്രതി ചേര്‍ത്തിട്ടുള്ള ബി.ജെ.പി നേതാവായ ലിജേഷ് കണ്ണവം സ്റ്റേഷനിലെ സി.പി.ഒ സുരേഷിനെ കൊലപാതകത്തിന് അര മണിക്കൂര്‍ മുമ്പ് ഫോണില്‍ ബന്ധപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. നാല് മിനിറ്റോളം സംസാരിച്ചതായാണ് രേഖകള്‍. എന്നാല്‍ സി.പി.ഒയെ ചോദ്യം ചെയ്‌തെങ്കിലും ഇയാള്‍ നിഷേധിക്കുകയായിരുന്നു. ലിജേഷിന്റെ ബന്ധുവാണ് ഇയാള്‍ എന്നാണ് അറിയുന്നത്.
ഹരിദാസന്റെ കൊലപാതകത്തില്‍ നാല് പേരാണ് ഇതുവരെ അറസ്റ്റിലായത്. ഒന്നാം പ്രതിയായ ലിജേഷിന് പുറമേ ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരായ പുന്നോല്‍ കെ.വി ഹൗസില്‍ വിമിന്‍, പുന്നോല്‍ ദേവികൃപയില്‍ അമല്‍ മനോഹരന്‍, ഗോപാല്‍ പേട്ട സ്വദേശി സുനേഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഗുഢാലോചന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഹരിദാസിന്റെ കൊലപാതകം രാഷ്ട്രീയവിരോധം മൂലമാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കേസില്‍ മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കണ്ണൂര്‍ സിറ്റി അഡീ. എസ്.പി പ്രിന്‍സ് എബ്രാഹമിന്റെ നേതൃത്വത്തില്‍ എട്ട് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.
Read more
തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നേകാലോടെ ആയിരുന്നു ഹരിദാസനെ രണ്ട് ബൈക്കുകളില്‍ ആയി എത്തിയ സംഘം വീടിനടുത്ത് വച്ച് വെട്ടി കൊലപ്പെടുത്തിയത്. മത്സ്യതൊഴിലാളിയായ ഹരിദാസന്‍ ജോലി കഴിഞ്ഞ വീട്ടിലേക്ക് മടങ്ങി വരുന്ന വഴിയായിരുന്നു ആക്രമണം.