കണ്ണൂര്‍ തലശ്ശേരി പുന്നോലില്‍ കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസന്റെ മരണകാരണം അമിത രക്തസ്രാവമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വലതുകാലില്‍ മാരകമായ നാല് വെട്ടുകളേറ്റിട്ടുണ്ട്. തുടയിലും വെട്ടേറ്റു. ഇരുപതില്‍ അധികം വെട്ടുകളാണ് ശരീരത്തില്‍ ഉള്ളത്. രണ്ട് കൈകളിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹരിദാസന്റെ കൊലപാതകത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. ബി.ജെ.പി കൊമ്മല്‍ വാര്‍ഡ് കൗണ്‍സിലറും, മണ്ഡലം പ്രസിഡന്റുമായ ലിജേഷ്, പുന്നോല്‍ കെ.വി ഹൗസില്‍ വിമിന്‍, പുന്നോല്‍ ദേവികൃപയില്‍ അമല്‍ മനോഹരന്‍, ഗോപാല്‍ പേട്ട സ്വദേശി സുമേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവര്‍ അല്ലെന്നാണ് പൊലീസ് അറിയിച്ചത്. ഇന്നലെയാണ് കേസുമായി ബന്ധപ്പെട്ട് ഏഴ് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വിവാദ പ്രസംഗം നടത്തിയതിനാണ് ലിജീഷിനെയും കസ്റ്റഡിയില്‍ എടുത്തത്.
ലിജേഷാണ് കൊലപാതകത്തിന്റെ സൂത്രധാരന്‍ എന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത നാല് പേരെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അക്രമികള്‍ സഞ്ചരിച്ച ബൈക്ക് കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്.