ഹരിദാസന്റെ കൊലപാതകം; ഒരാള്‍ കൂടി പിടിയില്‍

കണ്ണൂര്‍ തലശ്ശേരി പുന്നോലില്‍ സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. പുന്നോല്‍ സ്വദേശി നിജില്‍ ദാസാണ് പിടിയിലായത്. ഇയാള്‍ കൊലപാതക സംഘത്തില്‍ പെട്ടയാളാണ് എന്ന് പൊലീസ് അറിയിച്ചു. മറ്റു പ്രതികളെ ഉടന്‍ പിടികൂടുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ പറഞ്ഞു.

കേസില്‍ നാല് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബി.ജെ.പി കൊമ്മല്‍ വാര്‍ഡ് കൗണ്‍സിലറും, മണ്ഡലം പ്രസിഡന്റുമായ ലിജേഷ്, പുന്നോല്‍ കെ.വി ഹൗസില്‍ വിമിന്‍, പുന്നോല്‍ ദേവികൃപയില്‍ അമല്‍ മനോഹരന്‍, ഗോപാല്‍ പേട്ട സ്വദേശി സുമേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവര്‍ അല്ലെന്നാണ് പൊലീസ് അറിയിച്ചത്.

വിവാദ പ്രസംഗം നടത്തിയ ലിജേഷാണ് കൊലപാതകത്തിന്റെ സൂത്രധാരന്‍ എന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം അക്രമികള്‍ സഞ്ചരിച്ച് ബൈക്ക് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കേസ് പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്. ആറ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്.

തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നേകാലോടെ ആയിരുന്നു ഹരിദാസനെ രണ്ട് ബൈക്കുകളില്‍ ആയി എത്തിയ സംഘം വീടിനടുത്ത് വച്ച് വെട്ടി കൊലപ്പെടുത്തിയത്. മത്സ്യതൊഴിലാളിയായ ഹരിദാസന്‍ ജോലി കഴിഞ്ഞ വീട്ടിലേക്ക് മടങ്ങി വരുന്ന വഴിയായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഹരിദാസനെ ആശുപത്രിയില്‍ എത്തിച്ചെങ്കലും മരിച്ചിരുന്നു. മരണകാരണം അമിത രക്തസ്രാവമാണന്നാിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്.