കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ ചെറുകിട കച്ചവടക്കാർക്ക് നേരെയുള്ള സംസ്ഥാന പൊലീസിന്റെ അതിക്രമങ്ങളേയും ചൂഷണത്തെയും വിമർശിച്ച് അഭിഭാഷകൻ ഹരീഷ് വാസുദേവൻ. അഞ്ചു തെങ്ങ് കൊച്ചുമേത്തൻ കടവിലെ ചെറുകിട മത്സ്യവില്പനക്കാരി മേരിക്ക് നേരെ പൊലീസ് നടത്തിയ അതിക്രമം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്കെതിരെയും സർക്കാരിനെതിരെയും ഹരീഷ് വിമർശനം ഉന്നയിച്ചിരിക്കുന്നത്.
ഹരീഷ് വാസുദേവന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
അപ്പൊ പറ മുഖ്യമന്ത്രീ,
അഞ്ചു തെങ്ങ് കൊച്ചുമേത്തൻ കടവിലെ മേരിയും കുടുംബവും കടുത്ത CPIM അനുഭവികളാണ്. അങ്ങയുടെ വലിയ ആരാധകരാണ്. ദാരിദ്രം സഹിക്കവയ്യാതെയാണ് മേരി ചേച്ചി മിനിഞ്ഞാന്ന് 16,000 രൂപ മുടക്കി മത്സ്യം വാങ്ങി വിൽക്കാൻ ഇറങ്ങിയത്. നിയമപ്രകാരം കുറ്റം ചെയ്തെങ്കിൽ പൊലീസിന് കൂടിപ്പോയാൽ ഫൈൻ അടിക്കാം, വണ്ടി പിടിക്കാം.
ആ മത്സ്യം മുഴുവൻ നശിപ്പിക്കാൻ കേരളാ പൊലീസിന് എന്തധികാരം??
അപ്പോൾ, ആ മത്സ്യം അധികാരം ദുർവിനോയോഗം ചെയ്തു നശിപ്പിച്ച പൊലീസുകാരെ കണ്ടു പിടിക്കണം. വേണ്ടേ? അവർ മേരി ചേച്ചിയ്ക്ക് ആ മത്സ്യം വാങ്ങിക്കൊടുക്കണം. വേണ്ടേ? എന്നിട്ട് നിയമപ്രകാരമുള്ള ഫൈൻ അടപ്പിക്കുകയും വേണം.
ഇത് എപ്പോൾ പറ്റും? ആര് ചെയ്യും?
അധികാരം അങ്ങയുടെ സർക്കാരിന്റെ കയ്യിലാണ് ഞങ്ങൾ ഏൽപ്പിച്ചത്. കൊല്ലം SP മുതൽ മുഖ്യമന്ത്രി വരെയുള്ള സിസ്റ്റം അതിനു ശമ്പളം വാങ്ങുന്നത് മേരിച്ചേച്ചി മത്സ്യം വിറ്റു നികുതി അടയ്ക്കുന്നത് കൊണ്ടുകൂടി ആണല്ലോ.
അപ്പൊ പറ, ഇതെപ്പോൾ പറ്റും?
മേരി ചേച്ചിയെ പോലുള്ളവർക്ക് നഷ്ടപ്പെട്ട ഈ സർക്കാരിനുള്ള വിശ്വാസം എപ്പോൾ തിരിച്ചു കൊടുക്കാൻ പറ്റും? പോലീസ് തെറ്റു ചെയ്താൽ സ്റ്റേറ്റ് നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന് പോലീസിനെ ആര് പഠിപ്പിക്കും?
സർക്കാരിന് ഇത് പറ്റില്ലെന്ന് വ്യക്തമായി പറഞ്ഞാൽ ബാക്കി ഞങ്ങൾ നോക്കിക്കൊള്ളാം.
എന്ന്,
നിയമവ്യവസ്ഥ പാലിക്കാൻ മാത്രം സർക്കാരിനെ അധികാരമേൽപ്പിച്ച മേരി ചേച്ചിയെപ്പോലെ മറ്റൊരു പൗരൻ.