വയനാട് ജില്ലയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു; തിരുനെല്ലിയില്‍ 'ബേലൂര്‍ മഖ്‌ന'യുടെ സാന്നിധ്യം; സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് കളക്ടര്‍

വന്യജീവി ആക്രമണത്തില്‍ സര്‍ക്കാര്‍ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് വയനാട് ജില്ലയില്‍ കാര്‍ഷിക സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. വന്യജീവി ആക്രമണം തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് വേണ്ട സുരക്ഷ സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കാര്‍ഷിക സംഘടനകളുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇന്നു ഹര്‍ത്താല്‍ സംഘടിപ്പിക്കുന്നതില്‍ തീരുമാനമായത്. രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍. നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കാനോ വാഹനം തടയാനോ തങ്ങള്‍ മുതിരില്ലെന്നും, മനഃസാക്ഷി മരവിക്കാത്തവര്‍ ഹര്‍ത്താലിനോട് സഹകരിക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു.

Read more

അതേസമയം, തിരുനെല്ലിയില്‍ കാട്ടാന ബേലൂര്‍ മഖ്‌നയുടെ സാന്നിധ്യമുള്ളതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധിപ്രഖ്യാപിച്ചു.
സുരക്ഷാ കാരണങ്ങളാല്‍ തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാനന്തവാടി നഗരസഭയിലെ കുറുക്കന്‍ മൂല (ഡിവിഷന്‍ 12 ), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) ഡിവിഷനുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.