വിദ്വേഷപ്രസംഗ കേസ്; തിങ്കളാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണം, പി.സി ജോര്‍ജ്ജിന് വീണ്ടും നോട്ടീസ്

വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജ്ജിന് വീണ്ടും പൊലീസ് നോട്ടീസ് അയച്ചു.. ചോദ്യം ചെയ്യലിന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് നോട്ടീസ് അയച്ചത്. നേരത്തെ ഹാജരാകാന്‍ ഫോര്‍ട്ട് പൊലീസ് പി സി ജോര്‍ജിന് നോട്ടീസ് നല്‍കിയിരുെങ്കിലും ജോര്‍ജ്ജ് ഹാജരായിരുന്നില്ല.

ആരോഗ്യപ്രശ്‌നങ്ങളും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനുള്ളതും ചൂണ്ടിക്കാട്ടി ഹാജരാകാന്‍ കഴിയില്ലെന്ന് അദ്ദേഹം പൊലീസിന് മറുപടി നല്‍കിയിരുന്നു.ഇതേ തുടര്‍ന്ന് പി സി ജോര്‍ജ്ജ് ജാമ്യ ഉപാധി ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനായിരുന്നു പൊലീസിന്റെ തീരുമാനം.

എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാതെ പ്രചാരണത്തിന് പോയത് ജാമ്യ ഉപാധി ലംഘനമല്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. തുടര്‍ന്ന് ജാമ്യം റദ്ദാക്കാന്‍ വീണ്ടും കോടതിയെ സമീപിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.ആരോഗ്യപരിശോധനയ്ക്ക് വേണ്ടി ഡോക്ടറെ കാണാനുണ്ടെന്നും അതിനാല്‍ ഞായറാഴ്ച കഴിഞ്ഞുള്ള ഏതെങ്കിലും ദിവസം പൊലീസ് ആവശ്യപ്പെടുന്ന മുറയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും അദ്ദേഹം പൊലീസിനെ അറിയിച്ചിരുന്നു.

അനന്തപുരി ഹിന്ദുമഹാ സമ്മേളത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിലാണ് പി.സി.ജോര്‍ജ്ജിനെതിരെ ആദ്യം പൊലീസ് കേസെടുത്തത്. 153 എ, 295 എ എന്നീ വകുപ്പുകള്‍ ചുമത്തി ജോര്‍ജിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിരിക്കെയാണ് പി.സി.ജോര്‍ജ്ജ് കൊച്ചിയിലെ വെണ്ണലയില്‍ വീണ്ടും വിദ്വേഷ പ്രസംഗം നടത്തി.

Read more

വെണ്ണലയിലെ പ്രസംഗത്തെ തുടര്‍ന്ന് ജാമ്യം റദ്ദാക്കുകയായിരുന്നു. ജയിലിലേക്ക് അയക്കുകയും ചെയ്തു. ഒരു ദിവസം ജയിലില്‍ കിടന്ന ശേഷം വീണ്ടും ജാമ്യം ലഭിച്ചു. വെണ്ണല വിദ്വേഷ പ്രസംഗ കേസിലും ഇതിലും മുന്‍കൂര്‍ ജാമ്യം ലഭിച്ചു