റേഷന്‍ ലഭിക്കാന്‍ ബുധനാഴ്ച വരെ കാത്തിരിക്കണം; സമരം പ്രഖ്യാപിച്ച് റേഷന്‍ കട ഉടമകള്‍

സംസ്ഥാനത്ത് ഇനി റേഷന്‍ ലഭിക്കാന്‍ ബുധനാഴ്ച വരെ കാത്തിരിക്കണം. ഇ പോസ് ക്രമീകരണത്തിനായി സംസ്ഥാനത്ത് ശനിയാഴ്ച അടച്ച റേഷന്‍ കടകള്‍ ഇനി ബുധനാഴ്ചയാണ് തുറന്ന് പ്രവര്‍ത്തിക്കുക. വിവിധ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി റേഷന്‍ കട ഉടമകള്‍ സമരം പ്രഖ്യാപിച്ചതിനാല്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കില്ല.

ഞായറാഴ്ച ആയതിനാല്‍ നാളെ സംസ്ഥാനത്തെ റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. വേതന പാക്കേജ് കാലോചിതമായി പരിഷ്‌കരിക്കുക, ക്ഷേമനിധി കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റേഷന്‍ കട ഉടമകളുടെ സമരം. ഇതോടെ പ്രതിസന്ധിയിലാകുന്നത് ഈ മാസത്തെ റേഷന്‍ സാധനങ്ങള്‍ വാങ്ങാത്ത ഉപഭോക്താക്കളാണ്.

സംസ്ഥാനത്ത് റേഷന്‍ കടകള്‍ അടച്ചിട്ടിരുന്ന സാഹചര്യത്തില്‍ ഈ മാസത്തെ റേഷന്‍ അഞ്ചാം തീയതി വരെ വാങ്ങാന്‍ കഴിഞ്ഞിട്ടില്ല. പ്രതിമാസം ആദ്യ വാരം റേഷന്‍ വാങ്ങുന്നവരുടെ എണ്ണം താരതമ്യേനേ കൂടുതലാണ്. ഇനി ജൂലൈ 10 വരെ റേഷനായി കാത്തിരിക്കണമെന്നത് ഉപഭോക്താക്കളെ ആശങ്കയിലാക്കുന്നുണ്ട്.