മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തെന്ന കേസിലെ ഹര്‍ജി ലോകായുക്ത തള്ളി. മുഖ്യമന്ത്രിയും മന്ത്രിമാരും ക്രമക്കേട് നടത്തിയിട്ടില്ല. പണം അനുവദിക്കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നാണ് ലോകായുക്ത ഫുള്‍ബെഞ്ച് വിധിച്ചത്. ചട്ടം ലംഘിച്ചു ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന് ആരോപിച്ച് മുഖ്യമന്ത്രിയെയും ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിലെ 18 മന്ത്രിമാരെയും എതിര്‍കക്ഷികളാക്കി 2018 സെപ്റ്റംബര്‍ ഏഴിനാണു ഹര്‍ജി ഫയല്‍ ചെയ്തത്.
തിരുവനന്തപുരം സ്വദേശി ആര്‍എസ് ശശികുമാറാണ് ഹര്‍ജി നല്‍കിയത്. നേരത്തെ കേസില്‍ ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് ഭിന്നവിധിയാണ് ഉണ്ടായത്. തുടര്‍ന്നാണ് പരാതിയില്‍ തീരുമാനമെടുക്കുന്നതിനായി മൂന്നംഗ ബെഞ്ചിന് മാര്‍ച്ച് 31ന് ലോകായുക്ത ഡിവിഷന്‍ ബെഞ്ച് കേസ് വിടുകയായിരുന്നു. വിധി പറയുന്നതില്‍ നിന്നും ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിനെയും ബാബു മാത്യു പി.ജോസഫിനെയും ഒഴിവാക്കണമെന്ന ഹര്‍ജി തള്ളിയഴേഷമാണ് വിധി പ്രസ്താവിച്ചത്.
എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കെ.കെ.രാമചന്ദ്രന്‍ നായരുടെ വായ്പ വീട്ടാന്‍ എട്ടര ലക്ഷം രൂപയും സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോകുന്നതിനിടെ അപകടത്തില്‍പെട്ട പൊലീസുകാരന്റെ കുടുംബത്തിന് 20 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിച്ചതു സ്വജനപക്ഷ പാതമാണെന്ന് ആരോപിച്ചാണ് ആര്‍എസ് ശശികുമാര്‍ ഹര്‍ജി നല്‍കിയത്.