'ജയിലിനുള്ളിൽ രാഷ്ട്രീയ അടിസ്ഥാനത്തിൽ ബ്ലോക്കുകളെന്തിന്'; കണ്ണൂർ സെൻട്രൽ ജയിലിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കണ്ണൂർ സെൻട്രൽ ജയിലിൽ രാഷ്ട്രീയം അടിസ്ഥാനമാക്കി തടവുകാരെ വിവിധ ബ്ലോക്കുകളായി പാർപ്പിക്കുന്നത് എന്തിനാണെന്ന് ഹെക്കോടതി. ചട്ടപ്രകാരമായിരിക്കണം ജയിലുകളുടെ പ്രവർത്തനമെന്ന് ഡിജിപി ഉറപ്പുവരുത്തണമെന്ന് കോടതി പറഞ്ഞു. തടവുകാര്‍ക്കിടയില്‍ ഇത്തരം വിവേചനം എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ജസ്റ്റിസുമാരായ പിബി സുരേഷ് കുമാര്‍, പിജി അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ചൂണ്ടികാട്ടി.

ശിക്ഷ കഴിഞ്ഞ് ഓരോ പ്രതിയും ജയിലിൽ നിന്ന് ഇറങ്ങേണ്ടത് പുതിയ മനുഷ്യനായാണ്. ജയിലിൽ തടവുകാർ തമ്മിൽ വിഭാഗീയതക്ക് സ്ഥാനമില്ല. എന്നാൽ രാഷ്ട്രീയ പശ്ചാത്തലത്തിന്റെ അടിസ്ഥാനത്തിൽ തടവുകാരെ വിവിധ ബ്ലോക്കുകളിലായാണ് താമസിപ്പിക്കുന്നത്. ഇത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. തടവുകാർക്ക് രാഷ്ട്രീയ പ്രവർത്തനം പാടില്ലെന്നും കോടതി പറഞ്ഞു.

ജയിലിലായിരുന്ന സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ ബിജെപി പ്രവര്‍ത്തകരായ പ്രതികളുടെ അപ്പീലിലിലാണ് കോടതിയുടെ പരാമര്‍ശം. രാഷ്ട്രീയാടിസ്ഥാനത്തില്‍ തടവുകാരെ വിവിധ ബ്‌ളോക്കുകളിലാക്കുന്നത് മൂലമാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന് കോടതി ചൂണ്ടികാട്ടി. 2004 ഏപ്രില്‍ ആറിനാണ് ജയിലിലെ രാഷ്ട്രീയ സംഘര്‍ഷത്തിനിടെ സിപിഎം പ്രവര്‍ത്തകനായ രവീന്ദ്രന്‍ കൊല്ലപ്പെട്ടത്. ഒമ്പത് പ്രതികളുള്ള കേസില്‍ നാലു പ്രതികളെ ശിക്ഷ റദ്ദാക്കി ഹൈക്കോടതി വെറുതെ വിട്ടു.

കേസിലെ പ്രതികള്‍ക്ക് പരുക്കേറ്റത് എങ്ങനെയാണെന്നോ സംഭവം നടന്നതെങ്ങനെയെന്നോ വ്യക്തമാക്കിയിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തിരിച്ചറിയല്‍ പരേഡ് നടത്താതെയാണ് പ്രതികളെ കണ്ടെത്തിയത്. ക്യത്യമായ അന്വേഷണം നടത്തിയിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ സത്യം കണ്ടെത്താന്‍ നീതിയുക്തമായ അന്വേഷണമാണ് നടത്തേണ്ടതെന്നും കോടതി പറഞ്ഞു.