ഏലൂരിൽ പെരിയാറൊഴുകുന്നത് ക്യാൻസറും വഹിച്ച്; തീരത്തെ വ്യവസായ ശാലകളുടെ പട്ടിക നൽകാനും ആരോഗ്യ സർവേ നടത്താനും ഹൈക്കോടതി നിർദ്ദേശം

എറണാകുളം ഏലൂർ പ്രദേശത്ത് ആരോഗ്യ സർവേ എന്തുകൊണ്ട് നടത്തുന്നില്ലെന്ന് ഹൈക്കോടതി. പ്രദേശത്ത് മലിനീകരണം തുടരുകയാണ്. ആരോഗ്യ സർവേ നടത്തുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്നും മൂന്നാഴ്ചയ്ക്കകം മറുപടി നൽകണമെന്നും കോടതി നിര്‍ദേശിച്ചു. പെരിയാർ തീരത്തെ വ്യവസായ സ്ഥാപനങ്ങളുടെ പട്ടിക നൽകാനും ഹൈക്കോടതി നിർദേശം നല്‍കി.

NOC നൽകിയ സ്ഥാപനങ്ങളുടെ പട്ടികയും കൈമാറണം. ഈ സ്ഥാപനങ്ങളിലടക്കം ഹൈക്കോടതി നിയോഗിച്ച സമിതി പരിശോധന തുടരണം. പെരിയാറിൽ പാതാളം ബണ്ടിന്‍റെ മുകൾ ഭാഗത്താണ് മലിനീകരണം ഉണ്ടാക്കുന്ന കമ്പനികൾ കൂടുതലും എന്ന് ഹർജിക്കാർ വ്യക്തമാക്കി. ഈ ഭാഗത്തും പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം നല്‍കി. മലിനീകരണ നിയന്ത്രണ ബോർഡിനാണ് കോടതി നിർദേശം നൽകിയത്. 2008 ലാണ് ഏലൂർ മേഖലയിൽ അവസാനമായി ആരോഗ്യ സർവേ നടത്തിയത്.

പെരിയാറിൻ്റെ ഇരുകരകളിലുമുള്ള വ്യവസായ ശാലകളിലെ അപകടകാരികളായ രാസമാലിന്യം ഏലൂർ മേഖലയെ മുഴുവൻ വിഷമയം ആക്കിയിരിക്കുകയാണ്. ഏലൂർ- ഇടയാർ മേഖലകളിൽ രോഗികളില്ലാത്ത ഒരു കുടുംബം പോലുമില്ല എന്ന് തന്നെ പറയാം. ഇവിടെ മിക്ക കുടുംബങ്ങളിലും ആസ്മ രോഗികളുണ്ട്. അസ്ഥി- ഹൃദയ സംബന്ധമായ അസുഖമുള്ളവരുടെയും ക്യാൻസർ രോഗികളുടെയും എണ്ണം മേഖലയിൽ കുത്തനെ കൂടുകയാണ്. ഏലൂർ- ഇടയാർ മേഖലകളിലെ ക്യാൻസർ ബാധിതരുടെ എണ്ണം ഞെട്ടിക്കുന്നതാണ്. മാത്രമല്ല പ്രദേശത്ത് വിഷാദ രോഗത്തിന് അടിമകളാകുന്നവരുടെയും എണ്ണം കൂടുതലാണ്. തത്ഫലമായി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്.

സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി നടത്തിയ പഠനത്തിൽ ഏലൂരുമായി ഭൂമിശാസ്ത്രപരമായ സാദൃശ്യമുള്ള പിണ്ടിമനയെ അപേക്ഷിച്ച് 23 അസുഖങ്ങൾ എലൂരിൽ കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. ഈ പ്രദേശങ്ങളിലെ രോഗബാധ സംബന്ധിച്ച് ക്യാൻസറും ആസ്മയും ഹൃദ്രോഗവും ഉൾപ്പെടെയുള്ള രോഗങ്ങൾ 16 മടങ്ങ് വരെ അധികമുണ്ടെന്ന് വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഇവിടുത്തെ ജനങ്ങൾക്ക് ഏർപ്പെടുത്തിയെങ്കിലും ഒരു വർഷത്തിന് ശേഷം നിന്നു പോയി. പരിസ്ഥിതി പ്രവർത്തകൻ പുരുഷൻ ഏലൂർ ഇതിനായി ഇപ്പോഴും നിയമപോരാട്ടം തുടരുകയാണ്.

നിലയിൽ എട്ട് കമ്പനികൾക്ക് മാത്രമാണ് സംസ്കരിച്ച മലിനജലം നിർദ്ദിഷ്ട അളവിൽ പെരിയാറിലേക്ക് ഒഴുക്കാനുള്ള അനുവാദമുള്ളത്. എന്നാൽ നിയമങ്ങളെ എല്ലാം കാറ്റിൽ പറത്തി എല്ലാ ഫാക്ടറികളും രാസമാലിന്യം പെരിയാറിലേക്ക് ഒഴുക്കുകയാണ്. ഇടയാർ- ഏലൂർ മേഖലകളിൽ പെരിയാറിൻ്റെ ഇരുഭാഗത്തും ഫാക്ടറികളിൽ നിന്ന് രാസമാലിന്യം പെരിയാറിലേക്കൊഴുക്കുന്ന അനധികൃത ഔട്ട് ലറ്റുകൾ കാണാം. മാലിന്യക്കുഴലുകളും ഇവിടെ നിരവധിയുണ്ട്. പുഴയുടെ താഴെതട്ടിലേക്ക് നേരേ മാലിന്യമൊഴുക്കുന്ന ഔട്ട്ലറ്റുകളും ധാരാളമുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡ് ഇതിന് മൗനാനുവാദം നൽകുകയും ചെയ്യുന്നുണ്ട്.

പെരിയാറിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വെള്ളം കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലും കുഫോസിലും പരിശോധിക്കുമ്പോൾ അപകടകരമാം വിധം രാസമാലിന്യങ്ങൾ കലർന്നിട്ടുണ്ടെന്ന റിപ്പോർട്ടുകളാണ് കിട്ടുന്നത്. എന്നാൽ ഇതേ പ്രദേശത്തെ വെള്ളം മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ പരിശോധനയിൽ ഒരു കുഴപ്പവും ഇല്ലാത്ത പരിശുദ്ധ വെള്ളമാണ്.

കുസാറ്റിലെ റിപ്പോർട്ടിൽ അപകടകാരിയായ അമോണിയയുടെ അളവ് ഒരു സാമ്പിളിൽ മാത്രം ലിറ്ററിൽ 60 മില്ലി ഗ്രാം ഉണ്ട്. നൈട്രേറ്റിൻ്റെ അളവ് 139.9 മില്ലി ഗ്രാം പെർ ലിറ്ററും സൾഫേറ്റിൻ്റെ അളവ് 14,297 മില്ലി ഗ്രാം പെർ ലിറ്ററും ഈ സാമ്പിളിൽ നിന്ന് കിട്ടി. കുഫോസിൽ സൾഫേറ്റ് ലിറ്ററിൽ 176.9 മില്ലി ഗ്രാമും അമോണിയ ലിറ്ററിൽ 3.296 മില്ലി ഗ്രാമുമാണ്. സൾഫേറ്റും കാൽസ്യവും വളരെ ഉയർന്ന അളവിൽ തന്നെ.

2016ൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിശോധനയിൽ പെരിയാറിൻ്റെ ഇരുകരകളിലുമുള്ള വ്യവസായശാലകളിൽ ഒന്നിൽ പോലും മാലിന്യ സംസ്കരണ യൂണിറ്റുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല എന്ന് കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് ദേശീയ ഹരിത ട്രിബൂണലിന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ 8 വർഷം കഴിഞ്ഞിട്ടും ആ റിപ്പോർട്ടിന്മേൽ ഒരു നടപടിയുമുണ്ടായിട്ടില്ല.

പ്രദേശത്തെ ജനങ്ങൾ സംഘടിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഫലം ഒന്നുമില്ല. രോഗബാധിതർ ആയവർ വീണ്ടും ഈ വിഷം ശ്വസിച്ചും മലിന ജലം കുടിച്ചും മുന്നോട്ടുള്ള ജീവിതം നയിക്കുകയാണ്. മറ്റുള്ളവരാകട്ടെ ഏതു നിമിഷവും ഒന്നോ അതിലധികമോ മാരക രോഗത്തിന് അടിമയാകുമെന്ന ഭീതിയിൽ ഓരോ ദിനങ്ങളും തള്ളി നീക്കുകയാണ്.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?