മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച സര്‍ക്കാരിനെ എടുത്തിട്ട് കുടഞ്ഞ് ഹൈക്കോടതി. സിവില്‍ കോടതി തീര്‍പ്പാക്കിയ ഭൂമി കേസ് അടക്കം പരിശോധിക്കാന്‍ കമ്മീഷനെ നിയോഗിക്കാന്‍ സര്‍ക്കാരിന് എന്ത് അധികാരമാണ് ഉള്ളതെന്ന് ഹൈക്കോടതി ചോദിച്ചു.
വഖഫ് കേന്ദ്ര നിയമമായതിനാല്‍ അവിടെ കമീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമുണ്ടോയെന്ന് ചോദിച്ച കോടതി, ഇത്തരം നടപടി ആരുടെ കണ്ണില്‍പൊടിയിടാനാണെന്നും ചോദിച്ചു. അതേസമയം, മുനമ്പം ജുഡീഷ്യല്‍ കമീഷന്റെ അന്വേഷണ പരിധി അറിയിക്കാനും നിര്‍ദേശിച്ചു. ജുഡീഷ്യല്‍ കമീഷനെ നിയമിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് കേരള വഖഫ് സംരക്ഷണ വേദി നല്‍കിയ ഹര്‍ജിയാണ് പരിഗണിച്ച് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് സര്‍ക്കാരിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചത്.
മുനമ്ബത്തെ 104 ഏക്കര്‍ വഖഫ് ഭൂമിയാണെന്ന് നേരത്തേ കോടതി കണ്ടെത്തിയതാണെന്ന് ഹര്‍ജി പരിഗണിക്കവേ ഹൈകോടതി വാക്കാല്‍ പറഞ്ഞു. ഈ ഭൂമി കമീഷന്റെ അന്വേഷണ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടോ. ഇതുകൂടി ഉള്‍പ്പെടുത്തി വീണ്ടും കമീഷനെ നിയമിക്കാന്‍ എന്ത് അധികാരമാണ് സര്‍ക്കാറിനുള്ളത്. കമീഷന്‍ നിയമനം സര്‍ക്കാര്‍ മനസ്സിരുത്തിയെടുത്ത തീരുമാനമല്ല. സിവില്‍ കോടതി തീര്‍പ്പാക്കിയ ഉടമസ്ഥാവകാശ വിഷയത്തില്‍ കമീഷന് ഇടപെടാനാവില്ല. പിന്നെങ്ങനെ ഈ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കമീഷന് സാധിക്കും.
തീര്‍പ്പാക്കിയ വിഷയത്തില്‍ ജുഡീഷ്യല്‍ കമീഷനെ നിയമിച്ച ഇത്തരം നടപടികള്‍ ദൂഷ്യഫലമാവും ഉണ്ടാക്കുകയെന്നും കോടതി വ്യക്തമാക്കി. ജുഡീഷ്യല്‍ കമീഷന്റെ അന്വേഷണ പരിധി സംബന്ധിച്ച് മറുപടി നല്‍കാന്‍ നിര്‍ദേശിച്ച കോടതി കേസ് അടുത്ത ആഴ്ച്ച വീണ്ടും പരിഗണിക്കുമെന്നും വ്യക്തമാക്കി.