മദ്യപിച്ച് പൊലീസ് വാഹനം ഓടിച്ച് അപകടമുണ്ടാക്കി; എഎസ്‌ഐ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

മദ്യപിച്ച് പൊലീസ് വാഹനം ഓടിച്ച് അപകടം വരുത്തി നിറുത്താതെ പോയ എഎസ്‌ഐയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. മലപ്പുറം വടക്കാങ്ങര കാളാവിലാണ് സംഭവം നടന്നത്. മലപ്പുറം സ്റ്റേഷനിലെ എഎസ്‌ഐ ഗോപി മോഹനനെയാണ് മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയാണ് കേസിന് ആസ്പദമായ സംഭവവം നടന്നത്. മങ്കട പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഗോപി മോഹനന്‍ മദ്യപിച്ച് ഓടിച്ച പൊലീസ് വാഹനം കാറില്‍ ഇടിച്ച് അപകടം ഉണ്ടായെങ്കിലും ഇയാള്‍ വാഹനം നിറുത്തിയില്ല. മറ്റൊരു ബൈക്കിന് നേരെയും വാഹനം പാഞ്ഞടുത്തെങ്കിലും ബൈക്ക് യാത്രികന്‍ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

Read more

ഇതേ തുടര്‍ന്ന് പിന്തുടര്‍ന്ന നാട്ടുകാര്‍ വാഹനം തടഞ്ഞുനിറുത്തുകയായിരുന്നു. തുടര്‍ന്ന് വാഹനത്തിലുള്ള ഗോപി മദ്യ ലഹരിയിലാണെന്ന് മനസിലാക്കിയതോടെ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ മങ്കട പൊലീസ് ഗോപി മോഹനനെ കസ്റ്റഡിയിലെടുത്തു. കാറുടമയുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.