സ്വപ്‌ന സുരേഷിന്റെ ആരോപങ്ങള്‍ തള്ളി മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത് ശുദ്ധ അസംബന്ധമാണ്. അത് ശൂന്യതയില്‍ നിന്ന് ഉന്നയിച്ചിരിക്കുന്ന ആരോപണമാണ്. ഷാര്‍ജയില്‍ സ്വപ്‌ന പറഞ്ഞത് പൊലെ ഒരു കോളജും തുടങ്ങിയിട്ടില്ല. സ്ഥലം ലഭിക്കുന്നതിന് വേണ്ടി ഇടപെടല്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ഷാര്‍ജ ഷെയ്ഖിനെ സ്വകാര്യമായി കണ്ടിട്ടില്ല. യുഎഇ കോണ്‍സല്‍ ജനറലിന്റെ നമ്പര്‍ തന്റെ കൈവശമില്ല. അവരോട് വ്യക്തിപരമായി ഒരു ബന്ധവുമില്ല. ഷാര്‍ജ ഷെയ്ഖിനും കോണ്‍സല്‍ ജനറലിനും കൈക്കൂലി കൊടുക്കാന്‍ താന്‍ വളര്‍ന്നോയെന്നും അദ്ദേഹം ചോദിച്ചു. കൈക്കൂലി നല്‍കിയെന്ന സ്വപ്നയുടെ പരാമര്‍ശത്തില്‍ യാതൊരു ലോജിക്കുമില്ലെന്നും ശ്രീരാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തേക്കാള്‍ മൂന്നിരിട്ടി വരുമാനമുള്ള ഷാര്‍ജയുടെ ഷെയ്ക്കിന് എന്തിനാണ് തന്റെ കൈക്കൂലിയെന്നും ശ്രീരാമകൃഷ്ണന്‍ ചോദിച്ചു. ആരോപണങ്ങളെ നിയമപരമായി നേരിടുന്ന കാര്യം ആലോചിക്കുന്നുണ്ട്. നേരത്തെ തന്നെ അന്വേഷണ ഏജന്‍സികള്‍ ഈ വിവരങ്ങളെല്ലാം അന്വേഷിച്ചതാണ്. വിശദമായി മൊഴി എടുക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. കുറ്റപത്രത്തില്‍ ഇങ്ങനെ ഒരു കാര്യം പരാമര്‍ശിച്ചിട്ടില്ല. ഏത് സാഹചര്യത്തിലാണ് അവര്‍ ഇങ്ങനെ പറഞ്ഞതെന്നറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Read more
സുഹൃത്ത് നിയന്ത്രിക്കുന്ന മിഡില്‍ ഈസ്റ്റ് കോളേജിന് ഷാര്‍ജയില്‍ ഭൂമി ലഭിക്കാന്‍ ശ്രീരാമകൃഷ്ണന്‍ ഇടപെട്ടു. ഇതിന് വേണ്ടി ഷാര്‍ജയില്‍ വെച്ച് ഭരണാധികാരിയെ കണ്ടു. ഇടപാടിനായി ഒരു ബാഗ് നിറയെ പണം കോണ്‍സല്‍ ജനറലിന് കൈക്കൂലി നല്‍കിയെന്നുമാണ് സ്വപ്‌നയുടെ ആരോപണം. സ്വപ്‌ന നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. പണം അടങ്ങിയ ബാഗ് സരിത്തിനെയാണ് ഏല്‍പ്പിച്ചിരുന്നത്. തുക കോണ്‍സല്‍ ജനറലിന് നല്‍കിയ ശേഷം ബാഗ് സരിത്ത് എടുത്തു. ഈ ബാഗ് സരിത്തിന്റെ വീട്ടില്‍ നിന്ന് കസ്റ്റംസ് പിടിച്ചെടുത്തുവെന്നും സ്വപ്‌ന ആരോപിച്ചു.