അനുവദിച്ച സമയത്ത് പോയി കാണേണ്ട ഗതികേട് തനിക്കില്ല; സുധാകരനെ തള്ളി മുല്ലപ്പള്ളി, വഴങ്ങാതെ സുധീരന്‍

കോണ്‍ഗ്രസില്‍ രാഷ്ട്രീയകാര്യസമിതിയില്‍ നിന്നും എഐസിസി അഗത്വത്തില്‍ നിന്നും വിഎം സുധീരന്റെ രാജിക്ക് പിന്നാലെ മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും നേതൃത്വത്തിനെതിരെ രംഗത്ത്. കേരളത്തിലെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറുമായി ഇക്കാര്യങ്ങളില്‍ മുല്ലപ്പള്ളി പരാതി പറഞ്ഞു. കൂട്ടായ ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ നടക്കുന്നില്ലെന്നും, നടക്കുന്നവയാകട്ടെ പ്രഹസനമെന്നുമാണ് മുല്ലപ്പള്ളിയുടെ പരാമര്‍ശം.

കെപിസിസി പ്രസിഡന്റിനെ അനുവദിച്ച സമയത്ത് പോയി കാണേണ്ട ഗതികേട് തനിക്കില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. താന്‍ ഫോണെടുക്കാറില്ലെന്ന സുധാകരന്റെ പ്രസ്താവന തള്ളിയ മുലപ്പള്ളി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തുകയും ചെയ്തു. അതേസമയം പുതിയ നേതൃത്വം മുതിര്‍ന്ന നേതാക്കളെ മുഖവിലയ്‌ക്കെടുത്ത് മുന്നോട്ട് പോകണമെന്നാണ് ഹൈക്കമാന്‍ഡിന്റെ വികാരമെന്ന് താരീഖ് അന്‍വര്‍ വ്യക്തമാക്കി.

Read more

സംസ്ഥാന നേതൃത്വത്തിനെതിരായ പരാതികളില്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍ ഫലപ്രദമല്ലെന്ന ചൂണ്ടിക്കാട്ടിയാണ് സുധീരന്‍ എഐസിസി അംഗത്വം രാജിവെച്ചത്. എഐസിസിയിലടക്കം പദവി നല്‍കാത്തതിലും സുധീരന് അതൃപ്തിയുണ്ട്. സുധീരന്റെ രാജി ഗൗരവത്തോടെയാണ് എഐസിസി കാണുന്നത്. ഇതിന്റെ ഭാഗമായി എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ നേരിട്ടെത്തി സുധീരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. അതേസമയം സുധീരന്‍ വഴങ്ങിയില്ലെങ്കില്‍ ഹൈക്കമാന്‍ഡ് ശ്രമവും പരാജയപ്പെട്ടു എന്ന വ്യാഖ്യാനം ഉണ്ടാകുമെന്ന ആശങ്കയിലാണ് താരീഖ് അന്‍വര്‍.