മോഡലുകളുടെ കാറിനെ പിന്തുടരാൻ ഡ്രൈവറെ വിട്ടത് താനെന്ന് ഹോട്ടലുടമയുടെ മൊഴി

കൊച്ചിയിൽ മോഡലുകളുടെ കാറിനെ പിന്തുടരാൻ ഡ്രൈവർ ഷൈജുവിനെ അയച്ചത് താനെന്ന് ഹോട്ടലുടമ റോയ് വയലാറ്റിന്റെ മൊഴി. മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന് മോഡലുകളോട് ആവശ്യപ്പെട്ടിരുന്നു. ഇത് കണക്കാകാതെ യാത്ര തുടർന്നതിനാലാണ് ഷൈജുവിനെ അയച്ചതെന്നാണ് മൊഴി. ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ ഷൈജു ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.

മദ്യപിച്ചുള്ള യാത്ര ഒഴിവാക്കണമെന്ന ആവശ്യം മോഡലുകൾ കേട്ടില്ല. അഭ്യർത്ഥന കണക്കാക്കാതെ യാത്ര തുടർന്ന സാഹചര്യത്തിലാണ് ഡ്രൈവറെ പിറകെ അയച്ചതെന്നും റോയ് പറഞ്ഞു. അപകട വിവരം അറിയിക്കാൻ വിളിച്ച ഡ്രൈവറോട് ആശുപത്രിയിൽ തുടരാൻ റോയ് നിർദ്ദേശിച്ചെന്നും മൊഴിയിൽ വ്യക്തമാകുന്നു.

സിസിടിവി ദൃശ്യങ്ങൾ മാറ്റിയത് ഡി.ജെ പാർട്ടിയിൽ പങ്കെടുത്തവരുടെ സ്വകാര്യത കണക്കിലെടുത്താണെന്നും റോയ് പറയുന്നു. നവംബർ ഒന്നിനാണ് ഹാർഡ് ഡിസ്ക് മാറ്റിയത്. അതേസമയം നമ്പർ 18 ഹോട്ടലിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട്‌ സമർപ്പിക്കാൻ എക്സൈസ് കമ്മീഷണർ നിർദ്ദേശം നൽകി. അതിനിടെ ഇ.സിജിയിൽ വ്യതിയാനം കാണിച്ചതിനെ തുടർന്ന് പ്രതി റോയ് വയലാറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read more

മോഡലുകൾ മരിച്ച സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിലെ തെളിവ് നശിപ്പിച്ചതിനാണ് ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റും അഞ്ചു ജീവനക്കാരും അറസ്റ്റിലായത്. ഇവരെ ഇന്ന് എറണാകുളം ജില്ലാ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.