നാടിനെ നടുക്കിയ തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ട കൊലകേസിൽ പ്രതി അഫാന്റെ പിതാവ് റഹീമിന്റെ മൊഴി വിവരങ്ങൾ പുറത്ത്. കുടുംബത്തിന് 65 ലക്ഷം കടബാധ്യയുള്ള വിവരം തനിക്കറിയില്ലായിരുന്നുവെന്നും 15 ലക്ഷം രൂപ ബാധ്യതയുണ്ടെന്ന വിവരം അറിയാമായിരുന്നുവെന്നും അഫാന്റെ പിതാവ് പൊലീസിന് മൊഴി നൽകി.
കുടുംബത്തിന് 65 ലക്ഷം കടബാധ്യയുള്ള വിവരം തനിക്കറിയില്ലായിരുന്നു. എന്നാൽ ബാങ്ക് ലോണും ഒരു ബന്ധുവിന്റെ കൈയിൽ നിന്നും വാങ്ങിയ വായ്പയും ഉൾപ്പെടെ 15 ലക്ഷം രൂപ നാട്ടിൽ ബാധ്യതയുണ്ടെന്ന വിവരം അറിയാമായിരുന്നു. അഫാന് ഒരു പെൺകുട്ടിയുമായി അടുപ്പമുള്ള കാര്യവും അറിയാമായിരുന്നു. ആ പെൺകുട്ടിയുടെ സ്വർണ മാല പണയം വെച്ചിരുന്നു. ആ മാല പണയത്തിൽ നിന്നും എടുത്ത് നൽകാൻ 60,000 രൂപ ദിവസങ്ങൾക്ക് മുമ്പ് നാട്ടിലേക്കയച്ചതായും റഹിം പറഞ്ഞു.
സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതിനാൽ കഴിഞ്ഞ നാല് മാസമായി വിദേശത്ത് ഒളിവിലായിരുന്നു. സ്ഥിരമായി നാട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നില്ല. അടുത്ത സമയത്ത് നാട്ടിൽ നടന്നതിനെ കുറിച്ചൊന്നും തനിക്ക് അറിയില്ലെന്നുമാണ് റഹീം മൊഴി നൽകിയത്. അതേസമയം വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിന് പിന്നിലെ കാരണം സാമ്പത്തിക ബാധ്യത തന്നെയെന്നാണ് പൊലീസ് പറയുന്നത്. കടക്കാർ പണത്തിനായി നിരന്തരം കുടുംബത്തെ ശല്യപ്പെടുത്തിയിരുന്നുവെന്ന് റൂറൽ എസ്പി കെ എസ് സുദർശനൻ പറഞ്ഞു.
ഇതേ തുടർന്ന് ഏറെ നാളായി ആത്മഹത്യ ചെയ്യാൻ കുടുംബം ആലോചിച്ചിരുന്നു. പതിനാല് പേരിൽ നിന്നായി 64 ലക്ഷം രൂപയാണ് കുടുംബം കടം വാങ്ങിയത്. സാമ്പത്തിക ബാധ്യതക്ക് അപ്പുറം മറ്റേതെങ്കിലും കാരണം ഉണ്ടോ എന്ന് പരിശോധിക്കും. ഫർസാനയോട് എന്തെങ്കിലും വിരോധം ഉണ്ടായിരുന്നോ എന്ന് കണ്ടെത്താനായിട്ടില്ല. അതേസമയം പ്രതിയുടെ അച്ഛന്റെ മൊഴി എടുക്കുമെന്നും അഫാന്റെ മാനസിക നില പരിശോധിക്കുമെന്നും എസ്പി കെ എസ് സുദർശനൻ പറഞ്ഞു. അഫാന്റേത് അസാധാരണ പെരുമാറ്റം ആണ് അതുകൊണ്ട് തന്നെ മാനസിക വിദഗ്ധരുടെ സാനിധ്യത്തിൽ ചോദ്യം ചെയ്യുമെന്നും എസ്പി കൂട്ടിച്ചേർത്തു.