ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രിവീണ ജോർജ്. സംഭവത്തിൽ പൊലീസ് റിപ്പോർട്ട് അംഗീകരിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കേസിൽ കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകും.ആരെയും സംരക്ഷിക്കില്ല. ഒരു കേസും അട്ടിമറിക്കപ്പെടില്ലെന്നും വീണാ ജോർജ്ജ് പറഞ്ഞു.
പൊലീസ് റിപ്പോർട്ട് കിട്ടിയാൽ നടപടി എടുക്കുമെന്നാണ് മന്ത്രി അറിയിച്ചത്. സംഭവത്തിൽ ആരോഗ്യ വകുപ്പാണ് പൊലീസ് അന്വേഷണം ആവശ്യപ്പെട്ടത്.പൊലീസ് അന്വേഷണവുമായി മുന്നോട്ട് പോകും, കുറ്റക്കാരെ കണ്ടെത്തും. സർക്കാർ ഹർഷിനക്കൊപ്പം എന്ന നിലപാടിനു മാറ്റമില്ലെന്നും മന്ത്രി പറഞ്ഞു.
കേസില്‍ തുടർനടപടികള്‍ വേഗത്തിലാക്കാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം. ഹര്‍ഷിനയെ പ്രസവശസത്രക്രിയക്ക് വിധേയമാക്കിയ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍, നേഴ്സുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് ആലോചന.
അതേ സമയം ഹർഷീനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പൊലീസിൽ നിന്ന് വീണ്ടും റിപ്പോർട്ട് തേടിയതായി മനുഷ്യവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ കെ ബൈജുനാഥ് അറിയിച്ചു. മെഡിക്കൽ ബോർഡ് റിപ്പോർട്ടും പൊലീസിന്‍റെ കണ്ടെത്തലും പരിശോധിക്കുമെന്നും മനുഷ്യവകാശ കമ്മീഷൻ വ്യക്തമാക്കി.