സ്‌കൂളിൽ നിന്നുള്ള വിനോദ യാത്രക്കിടെ പത്താം ക്ലാസ് വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് പുലാപ്പറ്റ എൻകെഎം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി മുണ്ടൊളി ഷാരത്തുപറബിൽ ശ്രീ സയനയാണ് മരിച്ചത്.
മൈസൂരിലേക്കുള്ള ഉല്ലാസ യാത്രക്കിടെയാണ് സംഭവം. തിങ്കളാഴ്ച്ച രാത്രിയാണ് ശ്രീ സയനയ്ക്ക് ഹൃദയാഘാതം ഉണ്ടായത്. മൈസൂർ കൊട്ടാരത്തിൽ സന്ദർശനം നടത്തി തിരിച്ചു വരുന്നതിനിടെ ശാരീരിക അസ്വാസ്ത്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൂന്ന് ബസുകളിലായി 135 വിദ്യാർത്ഥികളും 15 അധ്യാപകരും ഉൾപെടെ 150 പേരാണ് യാത്രക്ക് പോയത്. യാത്ര ഒഴിവാക്കി മൂന്ന് ബസുകളും തിരിച്ചു നാട്ടിലേക്ക് പുറപ്പെട്ടു.