ആദ്യ മണിക്കൂറിൽ കനത്ത പോളിംഗ്, വോട്ട് ചെയ്ത് മുഖ്യമന്ത്രിയടക്കമുള്ള പ്രമുഖ നേതാക്കൾ; പലയിടത്തും വോട്ടിംഗ് യന്ത്രം തകരാറിലായി

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. പ്രമുഖ നേതാക്കളും സ്ഥാനാര്‍ഥികളും ആദ്യ മണിക്കൂറിൽ തന്നെ വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ പിണറായിയിലെ അമല സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി. എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം പിണറായി പ്രതികരിച്ചു.

ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ്. അതേസമയം വോട്ടിങ് യന്ത്രം തകരാറിലായി പലയിടത്തും വോട്ടിങ് തടസപ്പെട്ടു. തിരുവനന്തപുരം മണ്ഡലത്തിലെ നെയ്യാറ്റിന്‍കരയില്‍ അഞ്ചിടത്ത് തകരാറുണ്ടായി. കണ്ണൂരില്‍ നാലിടത്ത് വോട്ടിങ് യന്ത്രം തകരാറിലായി. പത്തനംതിട്ടയില്‍ നാലുബൂത്തുകളിലും വടകര മണ്ഡലത്തില്‍ വാണിമേലില്‍ രണ്ടു ബൂത്തുകളിലും യന്ത്രം തകരാറിലായി.

ഫറോക്ക് വെസ്റ്റ് നല്ലൂരില്‍ വോട്ടിങ് തടസ്സപ്പെട്ടു. വടകര മാക്കൂല്‍പീടിക 110ാം നമ്പര്‍ ബൂത്തിലും പാലക്കാട് പിരിയാരി 123–ാം നമ്പര്‍ ബൂത്തിലും പോളിങ് തുടങ്ങാനായില്ല. കോഴിക്കോട് നെടുങ്ങോട്ടൂര്‍ ബൂത്ത് 84ല്‍ വോട്ടിങ് യന്ത്രം തകരാറിലായി.

കണ്ണൂർ ലോക്സഭ മണ്ഡലത്തിലെ പരിയാരം പഞ്ചായത്ത് ഇരിങ്ങൽ യു പി സ്കൂൾ 17 ബൂത്തിൽ വോട്ടിങ് യന്ത്രം പണിമുടക്കി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലെ 164 ചോലമുക്ക് ബൂത്തിൽ വോട്ടിംഗ് മെഷീനിൽ സാങ്കേതിക തകരാറുണ്ടായി. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്.