കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർ. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂര്‍ ജില്ലയില്‍ മഴയും കാറ്റും വെള്ളക്കെട്ടും മഴ മുന്നറിയിപ്പ് തുടരുന്നതിനാലും സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമാണ് നടപടി.
ജില്ലയിലെ അംഗണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍, വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
അതേസമയം ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇന്ത്യയിൽ ശരാശരിയിലും കൂടുതൽ മഴ ലഭിച്ചേക്കുമെന്നും ഓഗസ്റ്റ് അവസാനത്തോടെ ലാ നിന അനുകൂല സാഹചര്യങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജ്യത്തുടനീളം 106 ശതമാനം മഴ ലഭിക്കുമെന്നും ഐഎംഡി പ്രവചിച്ചു. ജൂൺ ആദ്യം മുതൽ ഇന്ത്യയിൽ 453.8 മില്ലിമീറ്റർ മഴ ലഭിച്ചു. സാധാരണ നിലയിൽ 445.8 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടത്. ജൂണിൽ പ്രതീക്ഷിച്ച മഴ ലഭിച്ചില്ലെങ്കിലും ജൂലൈയിൽ മെച്ചപ്പെട്ട മഴ ലഭിച്ചുവെന്ന് പത്രസമ്മേളനത്തിൽ ഐഎംഡി മേധാവി മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു. ഓഗസ്റ്റിലും സെപ്റ്റംബറിലും രാജ്യത്തെ മിക്ക പ്രദേശങ്ങളിലും സാധാരണയിലും കൂടുതൽ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐഎംഡി മേധാവി അറിയിച്ചു.