കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ദേവികുളം താലൂക്കിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമില്ല.
ഇടുക്കി ജില്ലയില്‍, ദേവികുളം താലൂക്ക് പരിധിയില്‍ തിങ്കളാഴ്ച മുതല്‍ മഴ തുടരുന്നതിനാലും, താലൂക്കിന്റെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് മൂന്നാര്‍, ദേവികുളം ഭാഗങ്ങളില്‍ വ്യാപകമായി മണ്ണിടിച്ചില്‍ ഉണ്ടായിട്ടുള്ളതിനാലുമാണ് അവധി പ്രഖ്യാപിക്കുന്നതെന്ന് കളക്ടര്‍ അറിയിച്ചു.
ദേവികുളം താലൂക്ക് പരിധിയില്‍ വരുന്ന അങ്കണവാടികള്‍, നഴ്‌സറികള്‍ CBSE, ICSE സ്ഥാപനങ്ങള്‍ക്കും സ്‌കൂളുകള്‍, പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ വെള്ളിയാഴ്ച അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ഇടുക്കി ജില്ലയില്‍ ഇന്നും കനത്ത മഴ തുടരുകയാണ്. നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. പല സ്ഥലങ്ങളിലും ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. ഉടുമ്പന്‍ചോല-രാജാക്കാട്-ആനച്ചാല്‍-രണ്ടാംമൈല്‍-ചിത്തിരപുരം റോഡില്‍ കനത്ത മഴയെത്തുടര്‍ന്ന് തുടര്‍ച്ചയായി മണ്ണിടിയാന്‍ സാധ്യത ഉള്ളതിനാല്‍ ചെകുത്താന്‍മുക്ക് മുതല്‍ പവര്‍ഹൗസ് വരെയുള്ള ഭാഗത്തെ ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചതായി ഇടുക്കി ഡിവിഷന്‍ കെ.ആര്‍.എഫ്.ബി.പി. .എം .യു . എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
അടിമാലി കുമളി ദേശിയപാതയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. കല്ലാര്‍കൂട്ടിക്കും പനംകുട്ടിക്കും ഇടയിലാണ് റോഡിന് മുകളില്‍ നിന്നും പാറയും മണ്ണും ഇടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടത്.