സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ആണ് റെഡ് അലർട്ട്. വയനാട് , കോഴിക്കോട്, പാലക്കാട് , തൃശ്ശൂർ, എറണാകുളം, കോട്ടയം ,ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. മൂന്ന് ദിവസമായി കനത്ത മഴ തുടരുന്ന കണ്ണൂരിൽ, മലയോര മേഖലകളിൽ രാത്രി ഏഴുമണി മുതൽ രാവിലെ ഏഴുവരെ ഗതാഗതം നിരോധിച്ചു.
ഉരുൾപ്പൊട്ടൽ , മണ്ണിടിച്ചിൽ സാധ്യതയുള്ള ജില്ലകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. മണ്ണാർക്കാട് ഉൾപ്പെടെ മലയോര മേഖലകളിൽ ഉള്ളവരെ അകലെയുള്ള ബന്ധു വീടുകളിലേക്ക് മാറാൻ ഇന്നലെത്തന്നെ നിർദേശം നൽകിയിരുന്നു. ഇരിട്ടി പുഴയിൽ ജലനിരപ്പ് ഉയരുന്നതിനാൽ പുഴയോരത്ത് താമസിക്കുന്നവരോട് ബന്ധുവീടുകളിലേക്ക് മാറി താമസിക്കാൻ ആവശ്യപ്പെട്ടു.പാലക്കാട് രാത്രി ഇടവിട്ട് ശക്തമായ മഴ കിട്ടി. നീരൊഴുക്ക് കൂടിയതിനാൽ മലമ്പുഴ, പോത്തുണ്ടി അണക്കെട്ടുകളുടെ ഷട്ടറുകൾ ഇന്ന് തുറക്കാൻ സാധ്യത ഉണ്ട്. അട്ടപ്പാടിയിലെ ഭവാനി പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം കാട്ടിൽ അകപ്പെട്ട് പോയ തണ്ടർ ബോൾട്ട് സംഘം ഇന്ന് തിരിച്ചെത്തുമെന്ന് അധികൃതർ അറിയിച്ചു.
Read more
എറണാകുളം അങ്കമാലി നഗരസഭയിലെ മങ്ങാട്ടുകര പ്രദേശത്ത് അതിശക്തമായ കാറ്റിൽ വ്യാപക കൃഷിനാശം ഉണ്ടായി. വൈകിട്ടോടെ ഉണ്ടായ അതിശക്തമായ കാറ്റിൽ രണ്ടു വീടുകളിലേക്ക് വന്മരങ്ങൾ കടപുഴകി വീണു. കൂടാതെ നാല് വീടുകൾ ഭാഗികമായി തകർന്നു. മരം വീണ് കമ്പികൾ പൊട്ടിയതിനാൽ ഇലട്രിക് പോസ്റ്റുകള്‍ റോഡിന് കുറുകെ ഒടിഞ്ഞു വീണ നിലയിലാണ്.