ന്യൂനമര്‍ദ്ദവും ചക്രവാത ചുഴിയും; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്രം

കേരളത്തിലെ സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത.

മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ആന്‍ഡമാന്‍ കടലിനും മുകളിലായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ടെന്നും ഇന്ന് രാവിലെയോടെ ഇത് തീവ്ര ന്യൂനമര്‍ദ്ദമായും നാളെ ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
മധ്യ പടിഞ്ഞാറന്‍ അറബിക്കടലിനു മുകളില്‍ ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നുണ്ടെങ്കിലും അടുത്ത ദിവസങ്ങളില്‍ ഇന്ത്യന്‍ തീരത്തു നിന്ന് അകന്നു പോകാനും സാധ്യതയുണ്ട്.

മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരത്തിന് മുകളിലായും ഒരു ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ട്. തമിഴ്‌നാടിനു മുകളില്‍ മറ്റൊരു ചക്രവാത ചുഴിയും സ്ഥിതിചെയ്യുന്നു. അതിനാല്‍ കേരളത്തില്‍ അടുത്ത ഒരാഴ്ച ഇടിമിന്നലോടു കൂടിയ നേരിയ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്. നാളെയും ചില പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.