നിറപുത്തരി ഉത്സവത്തില്‍ പങ്കെടുക്കാനായി ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യര്‍.പ്രതികൂല കാലാവസ്ഥ മൂലം മലയോര മേഖലയിലേക്കുള്ള രാത്രി യാത്രകള്‍ ദുരന്ത നിവാരണ അതോറിറ്റി വിലക്കിയിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് ശബരിമല നിറപുത്തരി മഹോത്സവം നടക്കുന്നത്. അതിനാല്‍ തീര്‍ത്ഥാടകര്‍ ഏറെ കരുതല്‍ സ്വീകരിക്കണമെന്ന് കളക്ടര്‍ അറിയിച്ചു.
നദികളില്‍ ഇറങ്ങരുതെന്ന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ പമ്പാ സ്‌നാനത്തിന് അനുമതിയില്ലെന്നും സ്വാമി അയ്യപ്പന്‍ റോഡ് വഴി മാത്രമായിരിക്കും തീര്‍ത്ഥാടകരെ കടത്തി വിടുകയെന്നും കളക്ടര്‍ വ്യക്തമാക്കി. നിറപുത്തരി പൂജകള്‍ക്ക് ആവശ്യമായ നെല്‍ക്കതിരുകള്‍ സന്നിധാനത്ത് എത്തിച്ചു.
നിറപുത്തിരി പൂജ നാളെ പുലര്‍ച്ചെ 5.40നും ആറ് മണിക്കും മധ്യേ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തിലാണ് നടക്കുന്നത്. നാളെ ഉച്ചയ്ക്ക് കളകാഭിഷേകം ഉണ്ട്. പൂജകള്‍ പൂര്‍ത്തിയാക്കി നാളെ രാത്രി 10 മണിക്ക് ക്ഷേത്ര നട അടയ്ക്കും. അതേസമയം മൂന്ന് ദിവസം കൂടി അതിതീവ്രമഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് പത്ത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.