വെള്ളിയാഴ്ച വരെ കനത്തമഴ തുടരും; ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്, അതീവ ജാഗ്രത

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ കനത്തമഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്നും നാളെയും ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് അലര്‍ട്ട്. തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ശക്തമായ മഴയെ തുടര്‍ന്ന് ഡാമുകളിലും ജലനിരപ്പ് ഉയരുകയാണ്. ഈ സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

പത്തനംതിട്ടയില്‍ കനത്ത മഴ തുടരുകയാണ്. അത്തിക്കയത്ത് ഒരാളെ പമ്പാ നദിയില്‍ കാണാതായി. മലവെള്ളപ്പാച്ചിലുണ്ടായ കൊല്ലം അച്ചന്‍കോവില്‍, കുംഭാവുരുട്ടി വെളളച്ചാട്ടം ഉള്‍പെടുന്ന മേഖലയില്‍ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. അതേസമയം ബുധനാഴ്ച 12 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും കാസര്‍ഗോഡ്് ജില്ലയില്‍ റെഡ് അലര്‍ട്ടുമാണ്. സംസ്ഥാനത്ത് മഴ ശക്തമായി പെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു. ഏഴു വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഈ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ ഏകോപിച്ച് പ്രവര്‍ത്തിക്കും.