സംസ്ഥാനത്ത് കനത്ത മഴ; രണ്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. തൃശൂര്‍, വയനാട് ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അങ്കണവാടികള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ക്കും ഉള്‍പ്പെടെ ഇരുജില്ലകളിലും അവധി ബാധകമാണ്.

അതേസമയം വിദ്യാര്‍ത്ഥികള്‍ താമസിച്ച് പഠിക്കുന്ന റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമില്ല. കനത്ത മഴയെ തുടര്‍ന്ന് തൃശൂരിലെ പീച്ചി ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ശക്തമായ മഴയെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.