നിക്ഷേപ തട്ടിപ്പ് കേസില്‍ തിരുവമ്പാടി ദേവസ്വം പ്രസിഡന്റും വിവാദ വ്യവസായിയുമായ പത്മശ്രീ ടിഎ സുന്ദര്‍മേനോന്‍ അറസ്റ്റില്‍. നിരവധി കേസുകളില്‍ പ്രതിയായ സുന്ദര്‍മേനോനെ ഇന്ന് രാവിലെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പൂങ്കുന്നം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹീവാന്‍സ് ഫിനാന്‍സ് എന്ന സ്ഥാപനത്തിന്റെ പേരില്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ച് വഞ്ചിച്ചെന്നാണ് സുന്ദര്‍മേനോന് എതിരെയുള്ള പരാതി.
സ്ഥപാനത്തിന്റെ ചെയര്‍മാന്‍ സുന്ദര്‍മേനോന്‍ ആയിരുന്നു. സ്ഥാപനത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ ഉന്നതനായ കോണ്‍ഗ്രസ് നേതാവ് മാനേജിംഗ് ഡയറക്ടറായിരുന്നെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിക്ഷേപങ്ങള്‍ തിരികെ ലഭിക്കാതായതോടെ 18 പേര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രതിയെ ക്രൈംബ്രാഞ്ച് പിടികൂടിയത്.
ഇതിന് പുറമേ മുന്നൂറോളം നിക്ഷേപകരും സ്ഥാപനത്തിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ജമ്മു ആസ്ഥാനമായി തുടങ്ങിയ സ്ഥാപനമെന്ന് വലിയ രീതിയില്‍ പരസ്യം നല്‍കിയ സ്ഥാപനത്തിന് യഥാര്‍ത്ഥത്തില്‍ ജമ്മുവില്‍ ഒരു ഓഫീസ് പോലും ഇല്ല. എന്നാല്‍ കേരളത്തില്‍ സ്ഥാപനത്തിന് നിരവധി ബ്രാഞ്ചുകളുണ്ട്.
നിക്ഷേപത്തിന്റെ കാലാവധി പൂര്‍ത്തിയാകുന്നതോടെ തുക ഇരട്ടിയായി തിരികെ നല്‍കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും തുക ലഭിക്കാതായതോടെ നിക്ഷേപകര്‍ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. നിക്ഷേപകര്‍ വ്യാപകമായി പരാതിയുമായി രംഗത്തെത്തിയതിന് പിന്നാലെ മാസങ്ങള്‍ക്ക് മുന്‍പ് സ്ഥാപനം പൂട്ടിയിരുന്നു.
സുന്ദര്‍മേനോനെതിരെ പെണ്‍കുട്ടിയെ വീട്ടില്‍ കയറി ആക്രമിച്ചതുള്‍പ്പെടെ നിരവധി കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. നേരത്തെ ഇയാള്‍ പത്മ പുരസ്‌കാരത്തിന് അര്‍ഹനാണെങ്കില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. നിലവില്‍ ഇയാളുടെ പത്മ പുരസ്‌കാരം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശി രാഷ്ട്രപതിയ്ക്ക് ഹര്‍ജി നല്‍കിയിട്ടുണ്ട്.