തീരപ്രദേശത്തും ചാലിയാറിന് മുകളിലും ഹെലികോപ്ടര്‍ പരിശോധന; വയനാട്ടില്‍ മരണസംഖ്യ 319 ആയി ഉയര്‍ന്നു

വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി ചാലിയാറിന് മുകളില്‍ ഹെലികോപ്ടര്‍ പരിശോധന. ചിപ്‌സണ്‍ ഏവിയേഷന്റെ ഹെലികോപ്ടറുകളില്‍ കോസ്റ്റ്ഗാര്‍ഡാണ് പരിശോധന നടത്തുന്നത്. ചാലിയാറിന് മുകളിലും തീരപ്രദേശത്തുമാണ് കോസ്റ്റ്ഗാര്‍ഡ് പരിശോധന നടത്തുന്നത്.

ഉരുള്‍പൊട്ടലില്‍ കാണാതായ നിരവധി പേരുടെ മൃതദേഹങ്ങള്‍ ചാലിയാറില്‍ നിന്ന് കണ്ടെത്തിയിരുന്നു. മൃതദേഹങ്ങള്‍ക്കൊപ്പം കഴിഞ്ഞ ദിവസങ്ങളിലായി ശരീര അവശിഷ്ടങ്ങളും ചാലിയാറില്‍ നിന്ന് കണ്ടെത്തിയിരുന്നു. നിലമ്പൂര്‍ പോത്തുകല്ല് പ്രദേശത്തുള്‍പ്പെടെ ചാലിയാറിന് മുകളില്‍ ഹെലികോപ്ടര്‍ വ്യാപക തിരച്ചിലാണ് നടത്തുന്നത്.

ചാലിയാറില്‍ പൊലീസും ഫയര്‍ ആന്റ് റെസ്‌ക്യു ഉദ്യോഗസ്ഥരും പ്രാദേശിക രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം തിരച്ചില്‍ നടത്തുന്നുണ്ട്. ഹെലികോപ്ടറില്‍ നടത്തുന്ന പരിശോധനയില്‍ ലഭിക്കുന്ന വിവരങ്ങള്‍ ചാലിയാറില്‍ പരിശോധന നടത്തുന്ന സംഘത്തെ അറിയിക്കുന്നുണ്ട്. അതേസമയം ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 319 ആയി. ഇന്ന് ഏഴ് മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

വെള്ളാര്‍മല സ്‌കൂള്‍ റോഡില്‍ നിന്നാണ് അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ചാലിയാറില്‍ ഇന്ന് കണ്ടെത്തിയത് രണ്ട് മൃതദേഹങ്ങളും ശരീരഭാഗങ്ങളുമാണ്. വനംവകുപ്പ്, കോസ്റ്റ്ഗാര്‍ഡ്, നേവി എന്നിവര്‍ ചേര്‍ന്ന് സംയുക്ത തിരച്ചില്‍. ഹെലികോപ്റ്റര്‍ ഉപയോഗിച്ചും പരിശോധന നടത്തുന്നുണ്ട്.

ഉരുള്‍പൊട്ടലില്‍ മരിച്ച 107 പേരെയാണ് തിരിച്ചറിഞ്ഞത്. മരിച്ചവരില്‍ 27 പേര്‍ കുട്ടികളാണ്. മുണ്ടക്കൈ, ചൂരല്‍മല മേഖലകളില്‍ ആറ് സോണുകളായി നാല്‍പ്പത് ടീമുകളായാണ് ഇന്ന് തിരച്ചില്‍ നടത്തുന്നത്. അതേസമയം, പടവെട്ടിക്കുന്നില്‍ ഒറ്റപ്പെട്ടുപോയ നാലംഗ കുടുംബത്തെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷിച്ചു.