ഇരുചക്ര വാഹനയാത്ര: പിന്നിലിരിക്കുന്നവര്‍ക്ക് നാളെ മുതല്‍ ഹെല്‍മറ്റ് നിര്‍ബന്ധം; തുടക്കത്തില്‍ പിഴയില്ല

ബൈക്കിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് നാളെ മുതല്‍ ഹെല്‍മറ്റ് നിര്‍ബന്ധം. ഉത്തരവ് നാളെ മുതല്‍ നടപ്പാക്കാനൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. ആദ്യഘട്ടത്തില്‍ പരിശോധന കര്‍ശനമാക്കുമെങ്കിലും പിഴ ഒഴിവാക്കിയേക്കും. എന്നാല്‍ ആവശ്യക്കാര്‍ ഏറിയതോടെ സംസ്ഥാനത്ത് ഹെല്‍മറ്റിന് വിലകൂടിയത് യാത്രക്കാര്‍ക്ക് തിരിച്ചടിയായി.

കുട്ടികളുള്‍പ്പെടെ ബൈക്കിലെ രണ്ടാം യാത്രക്കാരനും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി ഹൈക്കോടതി ഉത്തരവിറക്കിയപ്പോള്‍ നടപ്പാക്കാന്‍ രണ്ടാഴ്ചത്തെ സാവകാശമായിരുന്നു അനുവദിച്ചത്. ഒന്നാം തിയതിയായ നാളെ മുതല്‍ ഇതിനായുള്ള നടപടി തുടങ്ങാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം. വിവിധ സ് ക്വാഡുകളുടെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കും.

Read more

എന്നാല്‍ ഏതാനും ദിവസം കൂടി പിഴ ഒഴിവാക്കി ഉപദേശവും ബോധവത്കരണവുമായിരിക്കും നടപ്പാക്കുക. ഹെല്‍മറ്റ് വാങ്ങാന്‍ അവസരം നല്‍കുന്നതിനാണ് ഇതെന്നാണ് വിശദീകരിക്കുന്നത്. അതേ സമയം തിരുവനന്തപുരം ഉള്‍പ്പെടെ കേരളത്തിലെ മിക്ക കടകളിലും ഹെല്‍മറ്റ് ലഭിക്കാനില്ലാത്ത അവസ്ഥയാണ്.