ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടും, സിനിമ നയം രൂപീകരിക്കും: മന്ത്രി സജി ചെറിയാന്‍

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുമെന്ന് മന്ത്രി സജി ചെറിയാന്‍. റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നേരത്തെ എടുത്ത നിലപാട് തന്നെ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍ നിലപാട് തന്നെയാണ് ഹൈക്കോടതിയും പറഞ്ഞിരിക്കുന്നത്. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളടക്കമുള്ള കാര്യങ്ങള്‍ നടപ്പാക്കാന്‍ കേരളത്തില്‍ സിനിമ കോണ്‍ക്ലേവ് നടത്തും. കോണ്‍ക്ലേവിലെ ചര്‍ച്ചകളുടെയും നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ സിനിമ നയം രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മലയാള സിനിമയെ നിയന്ത്രിക്കുന്നത് 15 പേര്‍ അടങ്ങുന്ന ലോബിയാണെന്നാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നി തലങ്ങളില്‍ ഉളളവരുണ്ടെന്നും ഇതില്‍ ഒരാള്‍ മാത്രം തീരുമാനിച്ചാല്‍ പോലും അവര്‍ക്ക് ഇഷ്ടമില്ലാത്ത ആളെ എന്നെന്നേക്കുമായി ഈ രംഗത്ത് നിന്ന് ഇല്ലാതാക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 300 പേജുളള റിപ്പോര്‍ട്ട് 2020 ലാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്.

നിര്‍മ്മാണം, അഭിനയം, സംവിധാനം എന്നീ മേഖലകളിലെ 57 പേരെ കണ്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 15 പേര്‍ അടങ്ങുന്ന ലോബിയുടെ നീക്കങ്ങള്‍ കാരണമാണ് മൊഴി നല്‍കാമെന്ന് ഉറപ്പു നല്‍കിയവരില്‍ പലരും പിന്മാറിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. രഹസ്യമായി കമ്മീഷന്‍ സിനിമ മേഖലയിലുളള പലരെയും കണ്ടു. അഭിപ്രായം പറയാന്‍ പ്രമുഖര്‍ക്കുള്‍പ്പെടെ പേടിയാണ്. ആരുടെയും പേര് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കില്ല എന്ന് ഉറപ്പ് നല്‍കിയായിരുന്നു കമ്മീഷന്റെ പ്രവര്‍ത്തനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

റിപ്പോര്‍ട്ടിലെ പ്രധാന ഉള്ളടക്കം

 1. സിനിമയില്‍ അവസരങ്ങള്‍ക്കായി കിടപ്പറയടക്കം പങ്കിടാനുള്ള ആവശ്യം പുരുഷന്‍മാര്‍ മുന്നോട്ട് വെയ്ക്കുന്നു. നല്ല സ്വഭാവമുള്ള പല പുരുഷന്‍മാരും സിനിമയില്‍ ഉണ്ടെന്നും പല നടിമാരും കമ്മീഷന് മൊഴി നല്‍കി.

2. സിനിമയില്‍ ശക്തമായ ലോബി പ്രവര്‍ത്തിക്കുന്നു. ആര് അഭിനയിക്കണം ആര് അഭിനയിക്കരുത് എന്നെല്ലാം തീരുമാനിക്കുന്നത് ഇവരാണ്.

3. സിനിമയില്‍ അപ്രഖ്യാപിത വിലക്കും നിലവിലുണ്ട്. പല നടിമാരും പല നടന്മാരും ലോബിയുടെ അപ്രഖ്യാപിത വിലക്ക് നേരിടേണ്ടി വരുന്നു. പ്രമുഖരായ നടിമാര്‍ക്കും നടന്‍മാര്‍ക്കും ഇപ്പോഴും വിലക്കുണ്ട്.

Read more

 4. സെറ്റുകളില്‍ ലഹരി ഉപയോഗവും ഉണ്ട്. ഇത് സ്ത്രീകള്‍ക്കടക്കം പലവിധ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്.

5. ആവശ്യത്തിന് ടോയിലറ്റ് സൗകര്യങ്ങളോ, വസ്ത്രം മാറുന്നതിനുള്ള സൗകര്യങ്ങളോ പല സെറ്റുകളിലും ഒരുക്കാറില്ല.