ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; മൊഴിയില്‍ കൃത്രിമത്വം നടന്നതായി ആരോപണം; ഒരു നടി കൂടി സുപ്രീംകോടതിയെ സമീപിച്ചു

ഹേമ കമ്മിറ്റിയ്ക്ക് നല്‍കിയ മൊഴിയില്‍ കൃത്രിമത്വം നടന്നതായി സംശയിക്കുന്നുവെന്ന് ആരോപിച്ച് മറ്റൊരു നടി കൂടി സുപ്രീം കോടതിയെ സമീപിച്ചു. വ്യാഴാഴ്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് മേലുള്ള അന്വേഷണത്തിനെതിരെയുള്ള ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കാന്‍ ഇരിക്കെയാണ് നീക്കം.

ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയ നടിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജികള്‍ക്കെതിരെ വനിതാ കമ്മീഷന്‍ വീണ്ടും സത്യവാങ്മൂലം നല്‍കി. കേസെടുക്കാന്‍ പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന വനിത കമ്മീഷന്‍ അറിയിച്ചു. അന്വേഷണം തടസ്സപ്പെട്ടാല്‍ പല ഇരകളുടെയും മൗലിക അവകാശം ലംഘിക്കപ്പെടും എന്ന് കമ്മീഷന്‍ വ്യക്തമാക്കി.

Read more

അതേസമയം റിപ്പോര്‍ട്ടിന്മേല്‍ എടുത്ത 32 കേസുകളില്‍ നിലവില്‍ അന്വേഷണം നടന്നുവരികയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ 11 എണ്ണവും ഒരു അതിജീവിതയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്തതാണ്. നാല് കേസുകള്‍ പ്രാഥമികാന്വേഷണം നടത്തിയപ്പോള്‍ തെളിവുകളില്ലാത്തതിനാല്‍ അവസാനിപ്പിച്ചു.