ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ച് സര്‍ക്കാര്‍. സിനിമ മേഖലയിലെ എല്ലാ സംഘടനകളെയും സാസ്‌കാരിക മന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. മെയ് നാലിന് ചര്‍ച്ച നടത്താനാണ് തീരുമാനം.
ഡബ്ലുസിസിയടക്കം സിനിമ മേഖലയിലെ സംഘടനകള്‍ ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കണമെന്നും റിപ്പോര്‍ട്ട് പുറത്തുവിടണമെന്നുമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ മൂലം റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ലെന്നും കമ്മീഷന്‍ അല്ല കമ്മിറ്റിയാണെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു.
വിജയ് ബാബുവിനെതിരെ പീഡന പരാതി വന്നിരിക്കുന്ന പശ്ചാത്തലത്തിലും ഡബ്ലുസിസി ഈ വിഷയം ഉന്നയിക്കുന്നുണ്ട്. വിജയ് ബാബുവില്‍ നിന്ന് ലൈംഗിക ചൂഷണം ഉള്‍പ്പെടെയുള്ള ശാരീരികമായ ഉപദ്രവം നേരിടേണ്ടി വന്നുവെന്നാണ് പരാതി. മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങളുടെയും അക്രമങ്ങളുടെയും ഞെട്ടിക്കുന്ന മറ്റൊരു ആരോപണം ഇപ്പോള്‍ പരസ്യമാകുന്നു. കമ്മറ്റികള്‍ വരുമ്പോഴും പോകുമ്പോഴും ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. പ്രൊഫഷണല്‍ സമവാക്യങ്ങളുടെയും പ്രൊഫഷണല്‍ ഇടത്തിന്റെയും മറവിലാണ് ഇവിടെ കുറ്റകൃത്യങ്ങള്‍ നടക്കുന്നതെന്നുമാണ് ഡബ്ല്യുസിസി ആവര്‍ത്തിക്കുന്നത്.
Read more
സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 2017 കേരള സര്‍ക്കാരാണ് ജസ്റ്റിസ് കെ ഹേമ അധ്യക്ഷയായ സമിതിയെ നിയോഗിച്ചത്. 2019ല്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.