ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാന്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ഇതിനായി സംസ്ഥാന വിവരാവകാശ കമ്മീഷന്‍ മൂന്നംഗ ബെഞ്ചാണ് രൂപീകരിച്ചിട്ടുള്ളത്. വാര്‍ത്താകുറിപ്പിലൂടെയാണ് വിവരാവകാശ കമ്മീഷന്‍ പുതിയ തീരുമാനം അറിയിച്ചത്.
മുഖ്യ വിവരാവകാശ കമ്മീഷണര്‍ മൂന്നംഗ ബെഞ്ചിന് നേതൃത്വം നല്‍കും. രണ്ട് വിവരാവകാശ കമ്മീഷണര്‍മാരും ബെഞ്ചിലുണ്ടാകും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്ത പരാതികളും അപ്പീലുകളും വിശദമായി പരിശോധിച്ച് തീരുമാനമെടുക്കാനാണ് പ്രത്യേക ബെഞ്ച് വിവരാവകാശ കമ്മീഷന്‍ രൂപീകരിച്ചിരിക്കുന്നത്.
Read more
ഇതോടൊപ്പം പുതുതായി വരുന്ന പരാതികളും മൂന്നംഗ ബെഞ്ച് പരിഗണിക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കമ്മീഷനിലുള്ള ഫയലുകളുടെ തീര്‍പ്പാക്കലും മറ്റു നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് കമ്മീഷന്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ഔദ്യോഗികമായി അറിയിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.