ഇതാ ഒരു ഗവര്‍ണര്‍, ഹാംലെറ്റിനെപ്പോലെ

കോഴിക്കോട് മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന കാലത്തെ ഒരു കഥ പറയാം. മദിരാശിയില്‍നിന്ന് പത്‌നീസമേതം കോഴിക്കോട്ടെത്തിയ ഗവര്‍ണര്‍ക്ക് റെയില്‍വേ സ്‌റ്റേഷനില്‍ സമുചിതമായ സ്വീകരണം നല്‍കി. കൊളോണിയല്‍ ഗവര്‍ണര്‍ക്ക് ഇന്നത്തെ റിപ്പബ്‌ളിക്കന്‍
ഗവര്‍ണറേക്കാള്‍ പത്രാസ് കൂടും. ഗവര്‍ണര്‍ക്കും പന്നിക്കും സ്വീകരണം എന്നായിരുന്നു ചിത്രത്തിന് അടിക്കുറിപ്പായി മാതൃഭൂമിയില്‍ കംപോസ് ചെയ്തു വന്നത്. അബദ്ധം യഥാസമയം പ്രൂഫ് റീഡറുടെ ശ്രദ്ധയില്‍ പെട്ടതിനാല്‍ തെറ്റ് തിരുത്തപ്പെട്ടു. പക്ഷേ തിരുത്തിയ അടിക്കുറിപ്പ് പത്രത്തില്‍ അടിച്ചു വന്നത് കണ്ട പത്രാധിപരും വായനക്കാരും ഒരുപോലെ ഞെട്ടി. ഗവര്‍ണര്‍ക്കും പത്‌നിക്കും പന്നിക്കും സ്വീകരണം എന്നായിരുന്നു പത്രത്തിലെ തിരുത്തിയ തലക്കെട്ട്.

ആദ്യ പ്രൂഫില്‍ ഒഴിവാക്കപ്പെട്ട പത്‌നിയെ ഉപ്പെടുത്തിയപ്പോഴും എവിടെ നിന്നോ കടന്നുവന്ന പന്നിയെ ഒഴിവാക്കാനായില്ല. അച്ചുകള്‍ പെറുക്കി വയ്ക്കുന്ന കാലത്ത് പ്രൂഫിലെ തെറ്റുകള്‍ ആസ്വദിക്കാവുന്ന അബദ്ധങ്ങളായി മാറുമായിരുന്നു. കുട്ടികൃഷ്ണ മാരാര്‍ തെറ്റു തിരുത്തിയാലും പാഞ്ചാലിയുടെ പാത്രത്തിലെ വറ്റുപോലെ തെറ്റുകള്‍ അവശേഷിക്കുമായിരുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കോഴിക്കോടന്‍ പര്യടനത്തിലെ കൗതുകങ്ങളാണ് ഗവര്‍ണറുടെ പന്നിക്കഥ ഓര്‍ക്കാന്‍ കാരണമായത്. സ്‌കിസോഫ്രീനിയയോളമെത്തുന്ന ഭീതിദ മനസുമായാണ് ഖാന്‍ സഞ്ചരിക്കുന്നത്. പിണറായി വിജയന്റെ പൊലീസ് തനിക്ക് കാവലും കരുതലും ആകേണ്ടെന്നു പറയുമ്പോള്‍ത്തന്നെ തനിക്ക് വേണ്ടത്ര കവചം ഒരുക്കുന്നില്ലെന്ന് അദ്ദേഹം പരാതിപ്പെടുകയും ചെയ്യുന്നു. സംസ്ഥാനത്തിന്റെ എക്‌സിക്യൂട്ടീവ് അധികാരം നിക്ഷിപ്തമാക്കപ്പെട്ടിരിക്കുന്ന വ്യക്തിയാണ് വഴിയിലിറങ്ങി കണ്ണില്‍ കാണുന്നവരോടെല്ലാം പരാതിയും പരിഭവവും പറയുന്നത്. പതംപറച്ചില്‍ ചിലപ്പോള്‍ ഭീഷണിയാകുന്നു. ലക്ഷ്യം അവ്യക്തവും മാര്‍ഗം ദുരുപദിഷ്ടവുമാകുമ്പോള്‍ അബദ്ധങ്ങള്‍ ആവര്‍ത്തിക്കും. തിരുത്തപ്പെടുന്ന തെറ്റ്, പഴയ ഗവര്‍ണറുടെ പന്നിയെന്നപോലെ, കൂടുതല്‍ വലിയ തെറ്റുകളിലേക്ക് നയിക്കും.

വിദ്യാര്‍ത്ഥികളോട് പോരിനിറങ്ങുന്ന ഗവര്‍ണര്‍ നാട്ടിന്‍പുറക്കഥകളില്‍ മാവിലെറിയുന്ന കുട്ടികളുടെ പിന്നാലെ വടിയുമെടുത്ത് പായുന്ന വൃദ്ധകഥാപാത്രത്തെ അനുസ്മരിപ്പിക്കുന്നു. എല്ലാവരെയും പ്രാകി ലക്ഷ്യബോധമില്ലാതെ മണ്ടിനടക്കുന്ന ആരിഫ് മുഹമ്മദ് ഖാന്‍ കുട്ടിച്ചാത്തനെ ആവാഹിക്കാനിറങ്ങിയ മന്ത്രവാദിയെപ്പോലെയാണ്. ഭരണഘടനാപരമായ പദവി വഹിച്ചുകൊണ്ട് ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന ഗവര്‍ണര്‍ ചക്കളത്തിപ്പോരിനിറങ്ങുന്നത് യൂണിയനും റിപ്പബ്‌ളിക്കിനും അപമാനമാണ്. മന്ത്രവാദിയുടെ മന്ത്രോച്ചാരണംപോലെ ഖാന്‍ ഇടയ്ക്കിടെ ഭരണഘടന ഓതുന്നുണ്ട്. ചെകുത്താന്‍ വേദമോതുന്നതുപോലെയാണ് അത് വകതിരിവുള്ള പൗരസമൂഹത്തിന് അനുഭവപ്പെടുന്നത്.

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നിയമിച്ചത് ഗവര്‍ണറാണ്. അവരെ പിരിച്ചുവിടുന്നതിനുള്ള അധികാരവും ഗവര്‍ണര്‍ക്കുണ്ട്. ഗവര്‍ണറെ പിരിച്ചുവിടുന്നതിനുള്ള അധികാരം രാഷ്ട്രപതിക്ക് (എന്നുവച്ചാല്‍ ആഭ്യന്തരമന്ത്രിക്ക്) മാത്രമാകയാല്‍ ഖാന്‍ ആരെയും പേടിക്കേണ്ട കാര്യമില്ല. പക്ഷേ അദ്ദേഹം ഹാംലെറ്റിനെപ്പോലെ സന്ദേഹിയും നിഷ്‌ക്രിയനുമാകുന്നു. ക്രിമിനലുകള്‍ എന്നാണ് തന്റെ ഉപദേശികളും സഹായികളുമായ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും ഗവര്‍ണര്‍കൂടെക്കൂടെ വിളിക്കുന്നത്. ക്രിമിനലുകളുടെ സഹായത്തോടെ ഭരിക്കുന്ന ഗവര്‍ണര്‍ ന്യായപ്രകാരം കൊടിയ ക്രിമിനല്‍ ആകാനാണ് സാധ്യത. ഉപദേശിക്കുകയും സഹായിക്കുകയും ചെയ്യുന്നതിനു പകരം തനിക്കെതിരെ ഗൂഢാലോചന നടത്തുന്ന മന്ത്രിമാരെ ഗവര്‍ണര്‍ പിരിച്ചുവിടണം. കണ്ണൂര്‍ വിസിയുടെ നിയമനത്തില്‍ സമ്മര്‍ദത്തോളമെത്തിയ ശിപാര്‍ശ സ്വീകരിച്ച് സുപ്രീം കോടതിയുടെ തിരുത്തിന് വിധേയനായ ദുരനുഭവം ഖാന്‍ മറക്കേണ്ടതില്ല.

ഖാന്‍ കോഴിക്കോട്ട് കവലച്ചട്ടമ്പിയെപ്പോലെ തെരുവിലിറങ്ങി പിണറായിയുടെ പൊലീസിനെക്കൊണ്ട് തനിക്കെതിരെയുള്ള ബാനറുകള്‍ അഴിപ്പിച്ച രാത്രി ഒരു അസാധാരണ പത്രക്കുറിപ്പ് രാജ്ഭവനില്‍നിന്ന് പുറത്തിറങ്ങി. സംസ്ഥാനത്ത് ഭരണഘടനാസംവിധാനത്തിന്റെ തകര്‍ച്ച സംഭവിച്ചിരിക്കുന്നു എന്നാണ് പത്രക്കുറിപ്പിന്റെ രത്‌നച്ചുരുക്കം. ഭരണഘടനാസംവിധാനം തകര്‍ന്നാല്‍ 356 പ്രയോഗിക്കണം. കെ സുരേന്ദ്രന്റെ ഉപദേശം കേട്ട് തനിക്കുതന്നെ സംസ്ഥാനഭരണം നടത്താന്‍ കഴിയുന്ന അവസ്ഥ കോഴിക്കോടന്‍ ഹല്‍വപോലെ ഖാന് രുചികരമായിരിക്കും. ഭരണഘടനാസംവിധാനത്തിന്റെ തകര്‍ച്ച കണ്ടാല്‍ സത്വരം സക്രിയനാകേണ്ട അധികാരിയാണ് ഗവര്‍ണര്‍. മുറിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും വെട്ടാന്‍ കഴിയുന്നില്ലെന്ന അവസ്ഥ പരിണതപ്രജ്ഞനായ ഗവര്‍ണര്‍ക്ക് ഭൂഷണമല്ല. സംസ്ഥാനത്തെ ഭരണഘടനാ പ്രതിസന്ധിക്ക് താന്‍ തന്നെയാണ് കാരണക്കാരന്‍ എന്ന വസ്തുത സുപ്രീം കോടതി ചൂണ്ടിക്കാണിച്ചിട്ടും ഖാന്‍ മനസിലാക്കിയിട്ടില്ല. തനിക്കുകൂടി പങ്കാളിത്തമുള്ള നിയമസഭ പാസാക്കിയ ബില്ലുകളില്‍ തുല്യം ചാര്‍ത്താന്‍ വിസമ്മതിക്കുന്ന ഗവര്‍ണര്‍ ഭരണരംഗത്ത് സൃഷ്ടിക്കുന്നത് വലിയ പ്രതിസന്ധിയാണ്. അപ്പഴപ്പോള്‍ ആവശ്യമാകുന്ന നിയമനിര്‍മാണം നടത്താനാവുന്നില്ലെങ്കില്‍ സര്‍ക്കാരിന് ഫലപ്രദമായി പ്രവര്‍ത്തിക്കാനാവില്ല. ഇക്കാര്യത്തില്‍ ഖാന് പഠിക്കാനായി ചില ഭരണഘടനാപാഠങ്ങള്‍ സുപ്രീം കോടതി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ പാഠം പഠിപ്പിക്കാന്‍ നടക്കുന്ന ഗവര്‍ണര്‍ സ്വയം ഒന്നും പഠിക്കുന്നില്ല.

കേരളത്തില്‍ ക്രമസമാധാനനില തകര്‍ന്നുവെന്ന് വിലപിക്കുന്ന ആരിഫ് മുഹമ്മദ് ഖാന്‍ സ്വന്തം വാദത്തെ സ്വന്തം പ്രവൃത്തികൊണ്ട് ഖണ്ഡിച്ചു. കേരളത്തിലെ ഏറ്റവും തിരക്കുള്ള തെരുവാണ് കോഴിക്കോട്ടെ മിഠായിത്തെരുവ്. അവിടെ സുരക്ഷാകവചം ഇല്ലാതെ ആരിഫ് മുഹമ്മദ് ഖാന്‍ ഹല്‍വ നുണഞ്ഞു നടന്നിട്ട് ഒന്നും സംഭവിച്ചില്ല. പ്രതിഷേധത്തിന്റെ ഭാഗമായി പൊലീസുമായി ഏറ്റുമുട്ടുന്ന വിദ്യാര്‍ത്ഥികളും ഖാന്റെ വിഹാരത്തിന് തടസമുണ്ടാക്കിയില്ല. റാഹുല്‍ ഗാന്ധിയെപ്പോലെ ഒന്ന് മത്സരിച്ചെങ്കിലോ എന്നുപോലും ഖാന്‍ ആലോചിച്ചിട്ടുണ്ടാകും. കര്‍ണാടകയില്‍നിന്നെത്തിയ സി എം ഇബ്രാഹിം കോഴിക്കോട്ട് മത്സരിച്ച അനുഭവം മുന്നിലുണ്ട്. ഇറങ്ങിയാല്‍ ഖാനെ സഹായിക്കാന്‍ യുഡിഎഫും ബിജെപിയും കൂട്ടായുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതാണ് കേരളമെങ്കില്‍ 356 പ്രയോഗിക്കാന്‍ സമയമായി എന്ന് ഗവര്‍ണര്‍ക്ക് എങ്ങനെ എഴുതാന്‍ കഴിയും? പ്രതിഷേധിക്കാനെന്നപോലെ പെരുമാറാനും ഇവിടെ ജനങ്ങള്‍ക്കറിയാം. മുഖ്യമന്ത്രിയുമായി സംഘര്‍ഷത്തിലാകുന്ന ഗവര്‍ണര്‍ക്ക് ഉത്തര്‍ പ്രദേശില്‍ എവിടെയെങ്കിലും ഇപ്രകാരം ഇറങ്ങിനടക്കന്‍ കഴിയുമോ?

പ്രോട്ടോക്കോളും ബ്‌ളൂ ബുക്കും വിഐപിയുടെ രക്ഷയ്ക്ക്മാത്രമുള്ളതല്ല. വിഐപി മൂവ്‌മെന്റിലെ നിയന്ത്രണങ്ങള്‍ വിഐപി ക്കൊപ്പം ജനങ്ങളെക്കൂടി സംരക്ഷിക്കാനുള്ളതാണ്. ആരെയും അറിയിക്കാതെ തെരുവിലിറങ്ങി ആള്‍ക്കൂട്ടത്തെ നിശ്ചലവും അനിയന്ത്രിതവുമാക്കിയ ഗവര്‍ണര്‍ വിലപ്പെട്ട ഒരു ജീവന്‍ പൊലിയുന്നതിന് പരോക്ഷമായി കാരണക്കാരനായി. ആള്‍ക്കൂട്ടം നിയന്ത്രിതമായിരുന്നുവെങ്കില്‍ കുഴഞ്ഞുവീണയാളെ കുറേക്കൂടി വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയുമായിരുന്നു. ആരിഫ് മുഹമ്മദ് ഖാന്‍ മരണവീടുകളില്‍ നടത്തുന്ന സന്ദര്‍ശനം ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ അദ്ദേഹം അശോകന്‍ അടിയോടിയുടെ വീടും സന്ദര്‍ശിക്കണമായിരുന്നു. സമയം മിച്ചമുണ്ടായിരുന്നതിനാല്‍ കോഴിക്കോട്ടെ താമസം ചുരുക്കി ബെംഗളൂരു വഴി തിരുവനന്തപുരത്തേക്ക് പോയ ആളാണദ്ദേഹം. ഖാന്റെ കാര്‍ രാജ്ഭവന്‍ വളപ്പിലേക്ക് കയറുന്നതുവരെ പ്രേക്ഷകര്‍ നിര്‍ന്നിമേഷരായി ടെലിവിഷനിലേക്ക് നോക്കിയിരുന്നു.

Latest Stories

ഇതാണോ മക്കളെ നിങ്ങൾ ഫോമിൽ അല്ലെന്ന് പറഞ്ഞ അഡ്രിയാൻ ലുണ, കണക്കുകളിൽ ഞെട്ടിച്ച് സൂപ്പർതാരം; നോക്കാം നേട്ടങ്ങൾ

കാത്തലിക് ബിഷപ്പ്‌സ് ആസ്ഥാനത്തേക്ക് ആദ്യമായി പ്രധാമന്ത്രി; സിബിസിഐ ആഘോഷങ്ങളില്‍ പങ്കാളിയാകും; രാജ്യത്തിന് ക്രിസ്മസ് സന്ദേശം നല്‍കും

'നീ പോടി അവിടുന്ന്, നീ ഫീല്‍ഡ് ഔട്ട് ആയി പണ്ടേ', എന്ന് ആ സൂപ്പര്‍ സ്റ്റാര്‍ നടി ഫെയ്ക്ക് പ്രൊഫൈലില്‍ നിന്നും കമന്റ് ഇടും: ധ്യാന്‍ ശ്രീനിവാസന്‍

'സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു, വിജയരാഘവൻമാരെ തിരുത്തണം'; പാർട്ടിക്കെതിരെ ആഞ്ഞടിച്ച് സമസ്ത

ജാമ്യം കിട്ടിയാല്‍ കേക്കുമായി ഇവര്‍ ക്രൈസ്തഭവനങ്ങളില്‍ എത്തും; പാലക്കാട്ട് ക്രിസ്തുമസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് സംഘപരിവാര്‍ സംഘടന തന്നെയെന്ന് സന്ദീപ്

മെമുവിനെ സ്വീകരിക്കാൻ എംപിയും സംഘവും സ്റ്റേഷനിൽ; സ്റ്റോപ്പ്‌ അനുവദിച്ച ചെറിയനാട് നിർത്താതെ ട്രെയിൻ, പ്രതികരണവുമായി റെയിൽവേ

പ്രിയങ്കയുടേയും വിജയരാഘവന്റെയും മുന്നിലും പിന്നിലും വര്‍ഗീയ ശക്തികള്‍; പിഎഫ്‌ഐ അണികളെ പാര്‍ട്ടിയില്‍ എത്തിക്കാനാണ് ലീഗും സിപിഎമ്മും മത്സരിക്കുന്നതെന്ന് ബിജെപി

കന്നഡ സിനിമയ്ക്ക് എന്തിനാണ് ഇംഗ്ലീഷ് പേര്? കിച്ച സുദീപിനോട് മാധ്യമപ്രവര്‍ത്തകന്‍; പ്രതികരിച്ച് താരം

അത് കൂടി അങ്ങോട്ട് തൂക്ക് കോഹ്‌ലി, സച്ചിനെ മറികടന്ന് അതുല്യ നേട്ടം സ്വന്തമാക്കാൻ സൂപ്പർ താരത്തിന് അവസരം; സംഭവിച്ചാൽ ചരിത്രം

യുപിയിൽ മൂന്ന് ഖലിസ്ഥാനി ഭീകരരെ വധിച്ച് പൊലീസ്; 2 എകെ 47 തോക്കുകളും പിസ്റ്റളുകളും പിടിച്ചെടുത്തു