കൊച്ചിയിലെ കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയിലെ ലേഡീസ് ഹോസ്റ്റലില്‍ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. ക്യാമറ വെച്ചയാളെ പൊലീസിന് ഇതുവരെ പിടികൂടാനായിട്ടില്ല. കേസിലെ പ്രതിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് വിദ്യാര്‍ഥികള്‍.
ബുധനാഴ്ചയ്ക്കകം പ്രശനപരിഹാരം ഉണ്ടായില്ലെങ്കില്‍ സമരം ആരംഭിക്കുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ലേഡീസ് ഹോസ്റ്റലിലെ ഒന്നാം നിലയിലെ കുളിമുറിയില്‍ വെള്ളിയാഴ്ചയാണ് ഒളിക്യാമറ കണ്ടെത്തിയത്. ക്യാമറ കണ്ട് ഒച്ചവെച്ചപ്പോള്‍ ഒളിക്യാമറ വച്ചയാള്‍ ഹോസ്റ്റല്‍ അങ്കണത്തില്‍ നിന്ന് വിദ്യാര്‍ഥികള്‍ നോക്കിനിലക്കെയാണ് ഓടി രക്ഷപെട്ടത്.
അന്വേഷണം തുടങ്ങിയിട്ട് ദിവസങ്ങളായെങ്കിലും ഇതുവരെ പ്രതിയെ പിടികൂടാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ഥികള്‍ സമരത്തിനൊരുങ്ങുന്നത്. വിദ്യാര്‍ഥി യൂണിയന്‍ സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. കുട്ടികള്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പനങ്ങാടുള്ള കുഫോസിന്റെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനു മുന്നില്‍ സമരം നടത്താനാണ് ആലോചന.