യു ട്യൂബ് ചാനലിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചെന്ന ആരോപണത്തില്‍ തെഹല്‍ക മാഗസിന്‍ മുന്‍ മാനേജിങ് എഡിറ്റര്‍ മാത്യു സാമുവലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈകോടതി. ‘മാത്യു സാമുവല്‍ ഒഫീഷ്യല്‍’ എന്ന യു ട്യൂബ് ചാനലിലൂടെ കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയെ മിനി താലിബാന്‍ എന്നും മുനിസിപ്പാലിറ്റിയിലെ ഭൂരിഭാഗം ആളുകളും ഇസ്ലാമിക ഭീകരതയെ പിന്തുണക്കുന്നവരാണെന്നും വിശേഷിപ്പിച്ചിരുന്നു.
ഇതിനെതിരെ ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡി.വൈ.എഫ്.ഐ), യൂത്ത് ലീഗ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി) എന്നിവയുള്‍പ്പെടെ വിവിധ സംഘടനകളുടെ പരാതികളെ തുടര്‍ന്നാണ് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേരളത്തില്‍, പ്രത്യേകിച്ച് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയില്‍, മതവിദ്വേഷം സൃഷ്ടിക്കാനും സാമുദായിക ഐക്യം തകര്‍ക്കാനും ലക്ഷ്യമിട്ടുള്ള തെറ്റായ പ്രചാരണം സാമുവലിന്റെ ചാനല്‍ സംപ്രേഷണം ചെയ്തതായി അവര്‍ ആരോപിച്ചു. ഈ പരാതിയില്‍ ഈരാറ്റുപേട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജസ്റ്റിസ് ജി. ഗിരീഷ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
Read more
മാത്യു സാമുവേല്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. അതിനാല്‍ അറസ്റ്റ് ഒഴിവാക്കാമെന്ന് കോടതി വ്യക്തമാക്കി. ഏപ്രില്‍ 23ന് രാവിലെ എട്ടിന് ഹരജിക്കാരന്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. ഈരാറ്റുപേട്ടയിലെ ബിസിനസ്സ് മേഖലയെ ലക്ഷ്യം വച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ സാമുവല്‍ പ്ലാറ്റ്ഫോം ഉപയോഗിച്ചുവെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.