സജി ചെറിയാന് തിരിച്ചടി; ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി, പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കി

ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടിയായി ഹൈക്കോടതി വിധി. പൊലീസ് റിപ്പോർട്ട് തളളിയ കോടതി പ്രസം​ഗത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ഉത്തരവിട്ടു. അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ അന്തിമ റിപ്പാർട്ട് റദ്ദാക്കുകയും അത് സ്വീകരിച്ച മജിസ്ട്രേറ്റ് ഉത്തരവും റദ്ദാക്കി. ഭരണഘടനയെ മാനിക്കുന്നതല്ല സജി ചെറിയാന്റെ പ്രസ്താവനയെന്ന് ഹൈക്കോടതി വിലയിരുത്തി.

സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി അന്വേഷണത്തിൽ പാളിച്ചകൾ ഉണ്ടായെന്നും സിസിടിവി ദൃശ്യങ്ങളും ഓഡിയോ ക്ലിപ്പുകളും പരിശോധിച്ചില്ലെന്നും അന്വേഷണം ക്രൈം ബ്രാഞ്ച് നടത്തണമെന്നും പറഞ്ഞു. ഫോറൻസിക് റിപ്പോർട്ട് വരുന്നതിനു മുൻപേ അന്വേഷണ ഉദ്യോഗസ്ഥൻ ഫൈനൽ റിപ്പാർട്ട് സമർപ്പിച്ചു. സാക്ഷികളായ മാധ്യമ പ്രവർത്തകരുടെ മൊഴി എടുക്കാത്തതും തെറ്റാണ്. അന്വേഷണം ധൃതി പിടിച്ചാണ് പൂർത്തീകരിച്ചതെന്നും കോടതി പറഞ്ഞു.

Read more

എന്ത് സാഹചര്യത്തിലാണ് കുന്തം, കൂടചക്രം എന്നുള്ള വാക്ക് ഉപയോഗിച്ചതെന്ന് പരിശോധിക്കണം. സത്യസന്ധനായ ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കുന്നുവെന്ന് ഉറപ്പാക്കണം. പ്രസംഗം കേട്ടവരുടെ മനസിൽ ഭരണഘടനക്കെതിരെ അവമതിപ്പ് ഉണ്ടാക്കിയോ എന്നും അറിയേണ്ടതാണ്. അന്വേഷണം കാല താമസം ഇല്ലാതെ തീർപ്പാക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.