വ്യവസായി രവി പിള്ളയുടെ മകൻ്റെ വിവാഹത്തിനോട് അനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തൽ അലങ്കരിച്ചതിനെതിരെ ഹൈക്കോടതി. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണോ വിവാഹങ്ങൾ നടക്കുന്നതെന്ന് അഡ്മിനിസ്ട്രേറ്റർ ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. എന്ത് സാഹചര്യത്തിലാണ് ഭരണസമിതി ഇതിന് അനുമതി നൽകിയതെന്നതിൽ ദേവസ്വം അഡ്മിനിസ്ട്രേറ്ററോട് കോടതി വിശദീകരണവും ആവശ്യപ്പെട്ടു.
കോവിഡ് വ്യാപനം രൂക്ഷമായി നിലനിൽക്കെ എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം അലകാര പണികൾക്ക് ദേവസ്വം അനുമതി നൽകിയതെന്നാണ് കോടതിയുടെ ചോദ്യം. ഇക്കാര്യത്തിൽ തിങ്കളാഴ്ച്ചയ്ക്കകം സത്യവാങ്മൂലം നൽകണമെന്നാണ് കോടതിയുടെ ഉത്തരവ്.
ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തൽ കൂറ്റൻ കട്ടൗട്ടുകളും ബോർഡുകളും ചെടികളും വെച്ച് അലങ്കരിച്ചതിൻ്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ ഇടപെട്ടത്. നടപ്പന്തലിലെ ബോർഡുകളും കട്ടൗട്ടുകളും കോടതി നിർദേശത്തെ തുടർന്ന് നേരത്തെ നീക്കിയിരുന്നു. എന്നാൽ മറ്റ് അലങ്കാരങ്ങൾ മാറ്റിയിട്ടില്ല.
പൂക്കൾ കൊണ്ടുള്ള അലങ്കാരത്തിന് മാത്രമാണ് അനുമതി നൽകിയിരുന്നതെന്നാണ് ദേവസ്വത്തിൻ്റെ വിശദീകരണം. ഇവന്‍റ് മാനേജ്മെന്‍റ് കമ്പനി തങ്ങളുടെ അറിവില്ലാതെയാണ് ബോർഡുകളും മറ്റും വെച്ചതെന്നും ദേവസ്വം ചെയർമാൻ വ്യക്തമാക്കി. ക്ഷേത്രത്തിൽ ഒരു വിവാഹ സംഘത്തിനൊപ്പം 12 പേർക്കാണ് അനുമതി. നടപ്പന്തലിലെ വിവാഹങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചാണോ നടക്കുന്നതെന്നും കോടതി ചോദിച്ചു. ഇക്കാര്യം ഉറപ്പുവരുത്തേണ്ടത് ദേവസ്വമാണെന്നും കോടതി നിർദേശിച്ചു.