വിക്ടേഴ്‌സ് ചാനല്‍ വഴിയുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിവെയ്ക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗകര്യം ഒരുക്കുന്നത് വരെ ക്ലാസുകള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. കോവിഡ് മഹാമാരിയുടെ കാലത്ത് വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപോവുന്നതിന് നടപടികള്‍ ഉണ്ടായേ തീരൂവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
നാല്, അഞ്ച് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ അമ്മയായ കാസര്‍ഗോഡ് വെള്ളരിക്കുണ്ട് സ്വദേശി സി സി ഗിരിജയാണ്, ക്ലാസുകള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ ഇടക്കാല ഉത്തരവ് നല്‍കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന ഹൈക്കോടതി പറഞ്ഞു.
സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുന്നത് ജൂണ്‍ 14-ന് ആണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇപ്പോള്‍ നടക്കുന്നത് ട്രയല്‍ മാത്രമാണ്. 14-ന് മുമ്പ് എല്ലാ വിദ്യാര്‍ത്ഥികളും പഠനസൗകര്യങ്ങള്‍ ഒരുക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കി.
Read more
പ്രത്യേക ക്ലാസുകള്‍ നടത്താന്‍ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയിട്ടുള്ളത് ശരിയായ വിധത്തിലല്ലെന്നാണ് ഹര്‍ജിയിലെ ആരോപണം. ജൂണ്‍ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ ക്ലാസിന് സൗകര്യമൊരുക്കാന്‍ നിര്‍ദേശം നല്‍കി മെയ് 29-നാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. തുടര്‍ന്ന് വന്നത് ശനി, ഞായര്‍ ദിവസങ്ങളായതിനാല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നത് അപ്രായോഗികവും അസാധ്യവുമായിരുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.