തൃപ്പൂണിത്തുറ എംഎൽഎ കെ ബാബുവിനെതിരെയുള്ള തിരഞ്ഞെടുപ്പ്ഇ കേസിൽ ഹർജി തള്ളി ഹൈക്കോടതി. കെ ബാബുവിന് എംഎൽഎയായി തുടരാം. അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പിൽ കെ ബാബു വോട്ട് പിടിച്ചെന്ന് ആരോപിച്ച് സിപിഎം സ്ഥാനാർഥിയായിരുന്ന എം സ്വരാജ് നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.
വിധിയിൽ സന്തോഷമുണ്ടെന്ന് കെ ബാബു പ്രതികരിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് വീടുകളിൽ വിതരണം ചെയ്ത സ്ലിപ്പിൽ സ്ഥാനാർത്ഥിയുടെ ഫോട്ടോയ്ക്ക് ഒപ്പം അയ്യപ്പന്റെ ഫോട്ടോയും വച്ചെന്നായിരുന്നു കെ ബാബുവിനെതിരായ പ്രധാന ആരോപണം. കെ ബാബു തോറ്റാൽ അയ്യപ്പൻ തോൽക്കുന്നതിന് തുല്യമാണെന്ന് കാണിച്ച് മണ്ഡലത്തിൽ പ്രചാരണം നടത്തി എന്നും സ്വരാജ് കോടതിയെ അറിയിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം മാർച്ചിൽ സംസ്ഥാനത്ത് തന്നെ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടം നടന്ന തൃപ്പൂണിത്തുറയിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ 992 വോട്ടുകൾക്കാണ് സ്വരാജിനെതിരെ കെ ബാബു വിജയിച്ചത്. കെ ബാബുവിന്റെ വിജയത്തിനെതിരെ എതിർ സ്ഥാനാർത്ഥി എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു.
Read more
ശബരിമല സ്ത്രീ പ്രവേശന വിഷയം ഉയർത്തി അയ്യപ്പനെ മുൻനിർത്തിയാണ് കെ ബാബു പ്രചാരണം നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഫലം വന്നതിന് തൊട്ട് പിന്നാലെ സ്വരാജ് ഹൈക്കോടതിയിലെത്തിയത്. മതത്തെ ഉപയോഗിച്ച് പ്രചാരണം നടത്തിയത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണ് എന്നായിരുന്നു വാദം. പ്രചാരണ സാമഗ്രികളുടെ ചിത്രങ്ങളടക്കം തെളിവായി കോടതിയിൽ സമർപ്പിച്ചിരുന്നു.