സി.പി.ഐ മന്ത്രിമാരെ അയോഗ്യരാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി; 'കോടതിയുടെ പരിഗണനയില്‍ വരുന്ന വിഷയമല്ല'

മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച സിപിഐ മന്ത്രിമാരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി തള്ളി. ഈ വിഷയം കോടതിയുടെ പരിഗണനയില്‍ വരുന്നതല്ലെന്ന് നീരീക്ഷിച്ചാണ് ഹൈക്കോടതി സിനിമാ പ്രവര്‍ത്തകനായ ആലപ്പി അഷ്‌റഫ് നല്‍കിയ ഹര്‍ജി തള്ളിയത്.

മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നിന്നതിലൂടെ ഭരണഘടനാ ബാധ്യത ലംഘിച്ച നാല് സി.പി.ഐ മന്ത്രിമാരെ പുറത്താക്കണമെന്നായിരുന്നു ഹര്‍ജിയിലുണ്ടായിരുന്നത്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെടുത്താനിടയാക്കിയ മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ. രാജു, പി. തിലോത്തമന്‍, വി. എസ് സുനില്‍കുമാര്‍ എന്നിവരെ പുറത്താക്കണായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

Read more

മന്ത്രി തോമസ് ചാണ്ടിക്കെതിരേ കോടതി പരാമര്‍ശം വന്ന ശേഷമുണ്ടായ നീരസത്തിന്റെ ഭാഗമായി നവംബര്‍ 15ന് നാല് മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ഹര്‍ജിയില്‍ ആരോപണമുണ്ടായിരുന്നു. മന്ത്രിമാരായി തുടരാന്‍ ഇവര്‍ അയോഗ്യരാണെന്നും പ്രധാന നയതീരുമാനങ്ങളെടുക്കുന്നതില്‍ നിന്ന് മുഖ്യമന്ത്രി ഇവരെ തടയണമെന്നും ഉത്തരവിടണമെന്നാണ് ഹരജിയിലെ ആവശ്യം. യോഗം ബഹിഷ്‌കരിച്ചത് അസാധാരണ നടപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു.