ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജിനെ മാറ്റണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി തള്ളി. കളക്ടറെ മറ്റിയാല്‍ ജില്ലയിലെ കൈയേറ്റം ഒഴിപ്പിക്കല്‍ അട്ടിമറിക്കപ്പെടുമെന്ന് കോടതി നിലപാട് അറിയിച്ചു. ചീഫ് സെക്രട്ടറി നല്‍കിയ ഹര്‍ജി പിന്‍വലിച്ചില്ലെങ്കില്‍ തള്ളുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
ഇടുക്കി കളക്ടറെ മാറ്റരുത് എന്ന നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി കോടതിയില്‍ നേരിട്ട് ഹര്‍ജി നല്‍കുകയായിരുന്നു. ഇതോടെ ഇക്കാര്യത്തിലെ സര്‍ക്കാര്‍ നിലപാട് അറിഞ്ഞശേഷം മറുപടി നല്‍കാമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ഷീബ ജോര്‍ജിനെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കാമെന്ന് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. ഇതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലായി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ കാര്യം പറഞ്ഞാണ് ഷീബ ജോര്‍ജിനെ തൽസ്ഥാനത്തു നിന്ന് മാറ്റാനുള്ള നീക്കങ്ങള്‍ സർക്കാർ നടത്തിയിരുന്നത്.
ഇടുക്കിയിലെ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രധാന രാഷ്ട്രീയപ്പാര്‍ട്ടിയായ സിപിഎമ്മിന്റെ ഇടപെടലിനെതിരെ കളക്ടർ ഷീബ ജോർജ് നടപടികൾ സ്വീകരിച്ചിരുന്നു. അനധികൃത കൈയേറ്റം ഒഴിപ്പിക്കല്‍ നടപടിയുമായി കളക്ടര്‍ കൃത്യമായി മുന്നോട്ടു പോകുന്നുവെന്നും നിലവില്‍ മാറ്റേണ്ട ആവശ്യമില്ലെന്നുമാണ് കോടതിയുടെ നിലപാട്.