ദിലീപിന് തിരിച്ചടി; നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നടന്റെ ഹർജി ഹൈക്കോടതി തള്ളി

നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നടൻ ദിലീപിന്റെ ഹർജി തള്ളി ഹൈക്കോടതി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. ഇതേ ആവശ്യം ഉന്നയിച്ച് നേരത്തെ ദിലീപ് സിംഗിൾ ബെഞ്ചിനെ സമീപിച്ചെങ്കിലും കോടതി ആവശ്യം തള്ളിയിരുന്നു. 2019ലാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ പി കൃഷ്ണകുമാർ, എ മുഹമ്മദ് മുസ്താഖ് എന്നിവരുടേതാണ് വിധി.

സുതാര്യവും പക്ഷപാതരഹിതവുമായി അന്വേഷണം നടക്കാൻ സിബിഐ അന്വേഷണം വേണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. നിലവിൽ കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണ്. വിചാരണ വൈകിപ്പിക്കാനാണ് ഹർജിയെന്നാണ് കോടതിയുടെ നിരീക്ഷണം. കഴിഞ്ഞ ആറ് വർഷമായി ഹർജി ദിലീപ് നൽകിയിട്ടെന്നും കേസിന്റെ പുരോഗതിയിൽ ദിലീപ് പോലും താൽപര്യം കാണിച്ചിരുന്നില്ലെന്നും അങ്ങനെയൊരു കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു സർക്കാരിന്റെ നിലപാട്.

2017 ഫെബ്രുവരി 17നാണ് കൊച്ചിയിൽ ഓടുന്ന വാഹനത്തിൽവെച്ച് നടി ആക്രമണത്തിനിരയായത്. നടൻ ദിലീപ് ഉൾപ്പടെ 9 പ്രതികളാണ് കേസിലുള്ളത്. 2018 മാർച്ചിൽ ആരംഭിച്ച കേസിലെ വിചാരണ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പുരോഗമിക്കുകയാണ്. നിലവിൽ കേസിൽ പ്രോസിക്യൂഷൻ വാദം പൂർത്തിയായി. രണ്ട് മാസത്തിനുള്ളിൽ വിധി വരും.

Read more