ഐസക്കിന് കൈകൊടുത്ത മുസ്ലിം പെണ്‍കുട്ടിക്കെതിരെ അശ്ലീല പ്രചാരണവുമായി മതപ്രഭാഷകന്‍; ഒരു മതവിശ്വാസവും ഭരണഘടനയ്ക്ക് മുകളിലല്ലെന്ന് ഹൈക്കോടതി

ഒരു ഹസ്തദാനത്തിന്റെ പേരിൽ അപമാനിക്കപ്പെടുകയും അശ്ലീല പരാമർശങ്ങൾക്ക് വിധേയയാകേണ്ടിവരികയും ചെയ്ത പെൺകുട്ടി…..മുൻമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്കിന് ഹസ്തദാനം നൽകിയെന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിലടക്കം അപമാനിക്കപ്പെട്ട മുസ്ലിം പെൺകുട്ടിയുടെ പരാതിയിൽ സുപ്രധാന വിധിയുമായി ഹൈക്കോടതി രംഗത്തെത്തിയിരിക്കുകയാണ്. ഒരു ഹസ്തദാനത്തിന്റെ പേരിലാണ് കോളേജ് വിദ്യാർത്ഥിനിയായ മുസ്ലിം പെൺകുട്ടി ഒരിക്കലും അംഗീകരിക്കപ്പെടാൻ കഴിയാത്ത വിധത്തിൽ ആക്രമിക്കപ്പെട്ടത്. വിഷയത്തിൽ ഇന്ത്യയിൽ ഭരണഘടനക്ക് മുകളിലല്ല മതവിശ്വാസമെന്നാണ് കേരള ഹൈക്കോടതി പറഞ്ഞത്. തോമസ് ഐസക്കിന് ഹസ്തദാനം നൽകിയ മുസ്ലിം പെൺകുട്ടിയെ അപകീർത്തിപ്പെടുത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മതപ്രഭാഷകനായ കോട്ടക്കൽ സ്വദേശി അബ്ദുൽ നൗഷാദ് നൽകിയ ഹർജി തള്ളിയായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

മലപ്പുറം കോട്ടക്കൽ സ്വദേശിയായ അബ്ദുൾ നൗഷാദ് നേരത്തെ എപി സുന്നി വിഭാഗത്തിലെ പ്രമുഖ പ്രഭാഷകനായിരുന്നു. എപി വിഭാഗത്തിന് വേണ്ടി നിരവധി ഖണ്ഡന പ്രഭാഷണങ്ങളിലും സംവാദങ്ങളിലും സജീവമായിരുന്നു ഇയാൾ. പിന്നീട് എ.പി വിഭാഗം പുറത്താക്കിയതോടെ കൂടുതൽ യാഥാസ്ഥിതിക നിലപാടുമായി ഖാദിമുസുന്ന എന്ന പേരിൽ പുതിയ സംഘടന രൂപീകരിച്ച് പ്രവർത്തനം നടത്തി വരികയായിരുന്നു അബ്ദുൾ നൗഷാദ്. എന്നാൽ കേരളീയ സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത തരത്തിലുള്ള ആരോപണങ്ങളാണ് കേവലമൊരു ഹസ്തദാനത്തിന്റെ പേരിൽ അബ്ദുൾ നൗഷാദ് പെൺകുട്ടിക്ക് നേരെ ഉയർത്തിയിരുന്നത്.

സംഭവമിങ്ങനെ, 2017ൽ കോഴിക്കോട് കാരന്തൂർ മർക്കസ് കോളേജിൽ അന്ന് ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് വിദ്യാർത്ഥികളുമായി സംവാദത്തിന് എത്തിയിരുന്നു. വിദ്യാർഥികളുമായി നടത്തിയ സംവാദത്തിൽ ചോദ്യംചോദിക്കാൻ അവസരം ലഭിച്ചവർക്ക് മന്ത്രി ഉപഹാരം നൽകി. സമ്മാനദാനത്തിനിടെ മന്ത്രി വിദ്യാർത്ഥികൾക്ക് ഹസ്തദാനം നൽകി. കൂട്ടത്തിൽ എൽഎൽബിക്ക് പഠിക്കുന്ന മുസ്ലീം പെൺകുട്ടിയുമുണ്ടായിരുന്നു.

ഏതാനും ദിവസത്തിനുശേഷം വിദ്യാർഥിനി ശരിയത്ത് നിയമലംഘനം നടത്തിയെന്നരീതിയിൽ സാമൂഹികമാധ്യമത്തിൽ സന്ദേശങ്ങൾ പ്രചരിച്ചു. മറ്റൊരു പുരുഷനെ സ്‌പർശിച്ചതിലൂടെ പ്രായപൂർത്തിയായ വിദ്യാർഥിനി വിശ്വാസലംഘനം നടത്തിയെന്ന് ആരോപിക്കുന്ന വീഡിയോ മതപ്രഭാഷകനായ അബ്ദുൽ നൗഷാദ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചു. അന്യപുരുഷൻമാർ ഇടകലരരുതെന്ന് പഠിപ്പിക്കുന്ന സംഘടനയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിൽ പണ്ഡിതരുടെ സാന്നിധ്യത്തിൽ അശ്ലീലമായ കാര്യങ്ങൾ നടന്നുവെന്നായിരുന്നു അബ്ദുൽ നൗഷാദിന്റെ ആരോപണം. പെൺകുട്ടി ശരി അത്ത് നിയമം ലംഘിച്ചെന്നാണ് അബ്ദുൽ നൗഷാദ് ആരോപിച്ചത്. ലൈംഗിക ചുവയുള്ള പരാമർശങ്ങളാണ് അബ്ദുൽ നൗഷാദ് ഉന്നയിച്ചത്. പിന്നാലെ പരസ്യമായി പൊതുവേദിയിൽ നൽകിയ ഹസ്തദാനത്തെ പോലും തെറ്റായി ലൈംഗിക ചുവയോടെയാണ് അബ്ദുൽ നൗഷാദ് വിവരിക്കുന്നതെന്നും ഉള്ള തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. വലിയ വിവാദങ്ങൾക്കാണ് സംഭവം വഴിവച്ചത്.

ഇതിന് പിന്നാലെ തനിക്കും കുടുംബത്തിനും അപകീർത്തിയുണ്ടാക്കിയെന്ന് കാട്ടി പെൺകുട്ടി പരാതിപ്പെട്ടു. സംഭവത്തിൽ കുന്ദമംഗലം പൊലീസ് കേസെടുത്തിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ കലാപത്തിന് ശ്രമിച്ചുവെന്നതുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് അബ്ദുൽ നൗഷാദിനെതിരെ പൊലീസ് കേസ് എടുത്തതും.

ഇതിന് പിന്നാലെയാണ് തനിക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കില്ലെന്ന വാദവുമായി അബ്ദുൾ നൗഷാദ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് റദ്ദാക്കണമെന്നും അബ്ദുൾ നൗഷാദ് ആവശ്യപ്പെട്ടു. ഇതിലായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. തനിക്ക് സമ്മാനം നൽകിയ മന്ത്രിക്ക് സ്വന്തം ഇഷ്ടപ്രകാരം ഹസ്തദാനം നൽകിയ പെൺകുട്ടിയോട് വിയോജിക്കാനും വിമർശിക്കാനും ഹർജിക്കാരന് എന്ത് കാര്യമെന്നാണ് ഹൈക്കോടതി ചോദിച്ചത്. അതേസമയം തനിക്ക് നേരിട്ട മാനഹാനിക്കെതിരെ ധീരമായി പ്രതികരിച്ച പെൺകുട്ടിക്ക് ഭരണഘടനാപരമായ സംരക്ഷണം നൽകേണ്ടതുണ്ടെന്നും പിൻതുണയ്ക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും കോടതി പറഞ്ഞു.

ഇഷ്ടമുള്ള മതവിശ്വാസം പിന്തുടരാനല്ലാതെ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ആർക്കും അവകാശമില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മതാചാരങ്ങൾ പാലിക്കാൻ ആരെയും നിർബന്ധിക്കരുതെന്ന് ഖുറാൻ വചനങ്ങളിലും വ്യക്തമാണെന്നും, ഇന്ത്യയിൽ പരമാധികാരം ഭരണഘടനക്കാണെന്നും ജസ്റ്റിസ് പി കുഞ്ഞികൃഷ്ണൻ ഓർമ്മപ്പെടുത്തി.

പ്രോസിക്യൂഷൻ വാദം ശരിയാണെങ്കിൽ വ്യക്തിയുടെ സ്വാതന്ത്ര്യത്തിലേക്കും അവകാശത്തിലേക്കുമുള്ള കടന്നുകയറ്റമാണ് പ്രതി നടത്തിയതെന്നും കോടതി നിരീക്ഷിച്ചു. ഇത് ഗൗരവമുള്ള വിഷയമാണ്. ഇത് രാജ്യത്ത് അനുവദനീയമല്ല. സ്വന്തം ഇഷ്ടത്തിനനുസൃതമായി മതം അനുഷ്‌ഠിക്കാൻ പരാതിക്കാരിക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു. ഭരണഘടനാപരമാ യ സംരക്ഷണത്തിനും സമൂഹത്തിൻ്റെ പിന്തുണക്കും പരാതിക്കാരി അർഹയാണെന്നും ഹരജിക്കാരനെതിരായ ആരോപണം പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതിനാൽ കേസ് റദ്ദാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പ്രതി നിരപരാധിയാണെങ്കിൽ വിചാരണ നടപടിയിലൂടെ കുറ്റവിമുക്തനാവാൻ അവസരമുണ്ട്. ഹർജിക്കാരൻ ചെയ്ത കുറ്റങ്ങൾക്ക് തെളിവുണ്ടെങ്കിൽ വിഷയം ഗുരുതരമാണെന്നും കോടതി വിലയിരുത്തി. തനിക്കെതിരെ ചുമത്തിയ രണ്ട് വകുപ്പുകൾ നിലനിൽക്കില്ലെന്ന വാദം ഹർജിക്കാരന് വിചാരണക്കോടതിയിൽ ഉന്നയിക്കാം. നിരപരാധിയാണെങ്കിൽ അത് തെളിയിക്കാനുള്ള വാദമുഖങ്ങളും വിചാരണ കോടതിയിൽ അവതരിപ്പിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം പ്രതി കോടതിയിൽ കീഴടങ്ങി നിയമപരമായി വിചാരണ നേരിടണമെന്നും നിരീക്ഷണം പരിഗണിക്കാതെ വിചാരണ കോടതി എത്രയുംവേഗം വിചാരണ നടത്തി കേസ് തീർപ്പാക്കണമെന്നും കോടതി നിർദേശിച്ചു.

മുൻപും കേസ് തള്ളണമെന്നാവശ്യപ്പെട്ട് അബ്ദുൽ നൗഷാദ് നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഹർജി തള്ളിയ കോടതി അബ്ദുൽ നൗഷാദിനെതിരെ പ്രത്യേക അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.

Latest Stories

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ