വാളയാർ കേസിൽ അടിയന്തര വാദം കേൾക്കുമെന്ന് ഹൈക്കോടതി. പെൺകുട്ടികളുടെ അമ്മ സമർപ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. പ്രതികൾക്ക് നോട്ടീസ് നൽകിയാലുടൻ വാദം കേൾക്കൽ ആരംഭിക്കുമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. കേസിലെ ആറ് പ്രതികളിൽ രണ്ട് പേർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. നാല് പേർക്ക് കൂടി ഇന്ന് നോട്ടീസയക്കും.
വാളയാർ കേസിൽ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതിയുടെ വിധി റദ്ദാക്കണമെന്നാണ് പെൺകുട്ടികളുടെ അമ്മയുടെ പ്രധാന ആവശ്യം. അന്വേഷണത്തിൽ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. നിശ്ശബ്ദ നിരീക്ഷകനായാണ് കേസിൽ വാദം കേൾക്കുമ്പോൾ കോടതി ഇരുന്നത്. ഇക്കാര്യത്തിൽ പ്രോസിക്യൂട്ടർക്കും പാളിച്ച പറ്റിയിട്ടുണ്ടെന്ന് പെൺകുട്ടികളുടെ അമ്മ ഹര്‍ജിയിൽ വ്യക്തമാക്കുന്നു.അന്വേഷണം സി.ബി.ഐക്ക് വിടണമെന്നും അമ്മ ആവശ്യപ്പെടുന്നു.
13 വയസുകാരിയെ 2017 ജനുവരി 13-നും 9 വയസുകാരിയെ 2017 മാർച്ച് നാലിനുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികൾക്കതിരെ ചുമത്തിയ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് വിചാരണകോടതി ഇവരെ വെറുതെ വിട്ടത്. ഈ ഉത്തരവ് റദ്ദാക്കണമെന്നാണ് അമ്മയുടെ അപ്പീലിലെ അപേക്ഷ.